കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്ന് കോഴിക്കോട് സ്വദേശികളായ ദമ്പതിമാർ മരിച്ചു

ബെംഗളൂരു : കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നതിനെത്തുടർന്ന് ബല്ലാരിയിൽ മലയാളി ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര അപ്പക്കൽ ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58)…

By :  Editor
Update: 2021-05-05 22:33 GMT

ബെംഗളൂരു : കിടപ്പുമുറിയിലെ എ.സി.യിൽനിന്ന് തീപടർന്നതിനെത്തുടർന്ന് ബല്ലാരിയിൽ മലയാളി ദമ്പതിമാർ പൊള്ളലേറ്റ് മരിച്ചു. കോഴിക്കോട് പേരാമ്പ്ര അപ്പക്കൽ ജോയി പോൾ (66), ഭാര്യ ഉഷ ജോയ് (58) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ശബ്ദംകേട്ട് തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന മകനെത്തി വാതിൽ പൊളിച്ചാണ് ഇരുവരെയും മുറിക്ക് പുറത്തെത്തിച്ചത്. ഗുരുതരമായ പൊള്ളലേറ്റ ഇരുവരെയും ബല്ലാരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉഷ അപ്പോഴേക്കും മരിച്ചിരുന്നു. അവിടെനിന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജോയി മരിച്ചത്.

ഒരാഴ്ചമുമ്പ് എ.സി.യിലെ തകരാർ ടെക്‌നീഷ്യനെത്തി നന്നാക്കിയിരുന്നു. എന്നാൽ, എ.സി. പൂർണമായും പ്രവർത്തനസജ്ജമായിരുന്നില്ല. ഷോർട്ട് സർക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് പ്രഥമിക നിഗമനം. പേരാമ്പ്രയിലെ ആദ്യകാല വ്യാപാരിയായിരുന്ന ജോയ് പോൾ 15 വർഷം മുമ്പാണ് ബല്ലാരിയിലെത്തിയത്. കർണാടകത്തിലേക്ക് പോകുന്നതിന് മുമ്പ് കുറച്ചുകാലം പേരാമ്പ്ര എ.യു.പി. സ്കൂളിന് സമീപം എൻജിൻ ഓയിൽ കട നടത്തിയിരുന്നു ജോയ്. അതിനുമുമ്പ് കോഴിക്കോട് കംപ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടുമുണ്ടായിരുന്നു. എ.സി.യിൽനിന്ന് തീപടർന്ന് ദമ്പതികൾ മരിച്ച വാർത്തയറിഞ്ഞ് വളരെ വിഷമത്തിലാണ് നാട്ടുകാർ. ജോയിയുടെയും ഉഷയുടെയും മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. പേരാമ്പ്ര കല്ലുങ്കൽ സെയ്ന്റ് ജോർജ്‌ യാക്കോബായ സുറിയാനി പള്ളിയിൽ ചരമശുശ്രൂഷയ്ക്ക് ശേഷം അമ്പാഴപ്പാറ സെമിത്തേരിയിൽ ശവസംസ്കാരം നടക്കും.

Tags:    

Similar News