മദ്യശാലകളും ബാറുകളും തുറക്കുന്നതു വൈകാൻ സാധ്യത
തിരുവനന്തപുരം: ബീവറേജ്‌സ് കോർപറേഷൻ ഔട്ട്ലറ്റുകളും ബാറുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും മദ്യവിതരണം വൈകിയേക്കും. ബവ്ക്യൂ ആപ്പിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതാണു കാരണം. ആപ് ഉപയോഗിക്കാനാണു തീരുമാനമെങ്കിൽ സാങ്കേതിക…
തിരുവനന്തപുരം: ബീവറേജ്‌സ് കോർപറേഷൻ ഔട്ട്ലറ്റുകളും ബാറുകളും തുറക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും മദ്യവിതരണം വൈകിയേക്കും. ബവ്ക്യൂ ആപ്പിന്റെ കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതാണു കാരണം. ആപ് ഉപയോഗിക്കാനാണു തീരുമാനമെങ്കിൽ സാങ്കേതിക തയാറെടുപ്പുകൾക്കു ചുരുങ്ങിയതു രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗണായതിനാൽ മദ്യശാലകൾ പ്രവർത്തിക്കില്ല. ആപ് വേണ്ടെന്നാണു തീരുമാനമെങ്കിൽ പകരം സജ്ജീകരണങ്ങൾക്കും സമയമെടുക്കും.
ബവ്ക്യൂ ആപ്പിന്റെ പ്രവർത്തനത്തിൽ ബീവറേജ്‌സ് കോർപറേഷനു തൃപ്തിയില്ല. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ആപ് ഏർപ്പെടുത്തിയെങ്കിലും ടോക്കണുകൾ കൂടുതലും ബാറുകളിലേക്കു പോകുന്നതായി പരാതി ഉയർന്നിരുന്നു. പരാതികളും, കോവിഡ് കേസുകൾ കുറഞ്ഞ സാഹചര്യവും കണക്കിലെടുത്ത് ആപ്പിന്റെ സേവനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തിരക്കു നിയന്ത്രിക്കാൻ പൊലീസിന്റെ സഹായം തേടാമെന്ന നിർദേശമാണു ബവ്കോയും എക്സൈസും മുന്നോട്ടു വയ്ക്കുന്നത്. ഇക്കാര്യങ്ങൾ ബുധനാഴ്ച ബവ്കോ എംഡി യോഗേഷ് ഗുപ്തയും എക്സൈസ് കമ്മിഷണർ അനന്തകൃഷ്ണനും മന്ത്രി എം.വി.ഗോവിന്ദനുമായി ചർച്ച നടത്തും. ക്ലബുകളിൽ പാഴ്സൽ മാത്രമാണോ എന്ന കാര്യത്തിലും തീരുമാനം ഇന്നുണ്ടാകും. ബവ്ക്യൂ ആപ് നിർമാതാക്കളായ ഫെയർകോഡ് കമ്പനി പ്രതിനിധികളുമായി ബവ്കോ എംഡി ചർച്ച നടത്തും. ആപ് നിലവിലുള്ളതിനാൽ കഴിഞ്ഞ തവണത്തെപോലെ ഗൂഗിളിന്റെയും ആപ്പിളിന്റെയും അനുമതിയടക്കമുള്ള കാര്യങ്ങൾക്കു പ്രയാസമുണ്ടാകില്ല.