കുടിലിൽ താമസിക്കുന്ന വയോധികക്ക് 2.5 ലക്ഷം രൂപ വൈദ്യുതി ബിൽ; പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാതെ ഉദ്യോഗസ്ഥർ
കുടിലിൽ താമസിക്കുന്ന വയോധികക്ക് രണ്ടര ലക്ഷത്തിന്റെ ബിൽ നൽകി മധ്യപ്രദേശിലെ വൈദ്യുതി വകുപ്പ്. ഗുണയിൽ താമസിക്കുന്ന 65കാരി രമാ ഭായ് പ്രജാപതിക്കാണ് വൻ തുക വൈദ്യുതി ബില്ലായി…
;കുടിലിൽ താമസിക്കുന്ന വയോധികക്ക് രണ്ടര ലക്ഷത്തിന്റെ ബിൽ നൽകി മധ്യപ്രദേശിലെ വൈദ്യുതി വകുപ്പ്. ഗുണയിൽ താമസിക്കുന്ന 65കാരി രമാ ഭായ് പ്രജാപതിക്കാണ് വൻ തുക വൈദ്യുതി ബില്ലായി നൽകിയത്. തന്റെ നിസഹായ അവസ്ഥയുമായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഉദ്യോഗസ്ഥരാരും ഇതുവരെ ഇടപെട്ടില്ലെന്നും വയോധിക പറയുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി തനിക്ക് വന്ന ബില്ലുമായി രമാ ഭായ് ഓഫീസുകൾ കയറിയിറങ്ങുന്നുണ്ട്. എന്നാൽ ഉദ്യോഗസ്ഥരാരും ഇവരെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇത്രയും വലിയ തുക അടക്കാനാകില്ലെന്ന് അറിയിച്ച് സർക്കാരിനെ സമീപിക്കാനാണ് രമാ ഭായ് തയ്യാറെടുക്കുന്നത്.
വർഷങ്ങളായി ഒരു ചെറിയ കുടിലിലാണ് രമാ ഭായ് താമസിക്കുന്നത്. ഒരു ബൾബും, ടേബിൾ ഫാനും മാത്രമാണ് ഇവർ ഉപയോഗിക്കുന്നത്. എല്ലാ മാസവും 300 രൂപ മുതൽ 500 രൂപ വരെയുള്ള ബില്ലാണ് ഇവർക്ക് ലഭിക്കാറുള്ളത്. എന്നാൽ ലോക്ക് ഡൗണ്‍ കാരണം കഴിഞ്ഞ രണ്ടു മാസമായി ഇവർക്ക് വൈദ്യുതി ബിൽ അടക്കാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഈ മാസം രണ്ടര ലക്ഷം രൂപയുടെ വൈദ്യുതി ബിൽ ഇവർക്ക് നൽകിയിരിക്കുന്നത്. തനിക്ക് വന്ന വലിയ ബില്ലിനെക്കുറിച്ച് പറയാനായി വൈദ്യുതി ഓഫീസിൽ എത്തിയെങ്കിലും ആരും സഹായത്തിനായി എത്തിയിട്ടില്ല.
'മറ്റ് വീടുകളിൽ ജോലി ചെയ്താണ് ഞാൻ ജീവിക്കാനുള്ള പണം കണ്ടെത്തുന്നത്. ഒരു ബൾബും ടേബിൾ ഫാനും മാത്രമാണ് വീട്ടിൽ ഉള്ളത്. എനിക്ക് വന്നിരിക്കുന്ന ബില്ലാകട്ടെ 2.5 ലക്ഷം രൂപയും. എന്താണിതിന് കാരണം എന്ന് മനസിലാകുന്നില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി താൻ വൈദ്യുതി വിഭാഗം ഓഫീസിൽ വരുന്നുണ്ട്. പക്ഷേ, എന്നെ കേൾക്കാൻ ആരും തയ്യാറാകുന്നില്ല' - രമാ ഭായ് പറഞ്ഞു