ജനിച്ചു വീണത് വാര്‍ധക്യത്തിലേക്ക്.!! 18 വയസ് വരെ പൊരുതി, ഒടുവിൽ ഏവരെയും കണ്ണീരിലാഴ്ത്തി അവൾ യാത്രയായി

എല്ലാവര്‍ക്കും ചെറുപ്പമായിരിക്കാനാണ് താല്പര്യമെങ്കിലും, ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാവരും വൃദ്ധരായി തീരും. അത് പ്രകൃതി നിയമമാണ്. എന്നാല്‍, ജനിച്ചു വീഴുന്ന സമയത്തെ വാര്‍ധക്യത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന കുഞ്ഞുങ്ങളെ…

By :  Editor
Update: 2021-07-22 08:59 GMT

എല്ലാവര്‍ക്കും ചെറുപ്പമായിരിക്കാനാണ് താല്പര്യമെങ്കിലും, ഒരു പ്രായം കഴിഞ്ഞാല്‍ എല്ലാവരും വൃദ്ധരായി തീരും. അത് പ്രകൃതി നിയമമാണ്. എന്നാല്‍, ജനിച്ചു വീഴുന്ന സമയത്തെ വാര്‍ധക്യത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച്‌ കേട്ടിട്ടുണ്ടോ? സാധാരണ കുഞ്ഞുങ്ങളുടെ പോലെ മൃദുലമായ ചര്‍മ്മമോ, കുട്ടിത്തം നിറഞ്ഞ മുഖമോ അവര്‍ക്കുണ്ടാകില്ല. പകരം ചുക്കിച്ചുളിഞ്ഞ തൊലിയും, കുഴിഞ്ഞ കണ്ണുകളും, തലയില്‍ അല്‍പ്പം മാത്രം മുടിയുമായി ജീവിക്കേണ്ടി വരുന്ന അവരുടെ മാനസികവ്യഥ വിവരിക്കാന്‍ പോലും സാധിക്കില്ല. 'ബെഞ്ചമിന്‍ ബട്ടണ്‍' എന്നറിയപ്പെടുന്ന ആ രോഗം ബാധിച്ച ചുരുക്കം ചില ആളുകള്‍ മാത്രമേ ഇന്ന് ലോകത്തില്‍ ജീവിച്ചിരിപ്പുള്ളൂ.അക്കൂട്ടത്തില്‍ അശാന്തി സ്മിത്ത് എന്ന പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ 18 -ാം പിറന്നാള്‍ ആഘോഷിച്ച്‌ ആഴ്ചകള്‍ക്കുള്ളില്‍ അവള്‍ ഈ ലോകത്തോട് വിട പറഞ്ഞു.

അവളുടെ പ്രായം വെറും പതിനെട്ടായിരുന്നെങ്കിലും, ശരീരം നൂറു വയസ് പിന്നിട്ട ഒരു വൃദ്ധയുടേതായിരുന്നു. യു കെയിലെ വെസ്റ്റ് സസെക്സിലെ നിവാസിയായ ആ കൗമാരക്കാരി ജൂലൈ 17 -നാണ് മരണപ്പെട്ടത്. ഹച്ചിന്‍സണ്‍-ഗില്‍ഫോര്‍ഡ് പ്രൊജീരിയ സിന്‍ഡ്രോം എന്ന് വിളിക്കുന്ന അകാല വാര്‍ദ്ധക്യമായിരുന്നു അവളുടെ രോഗം. സാധാരണക്കാരന് ഓരോ വര്‍ഷവും ഒരു വയസ് വീതം പ്രായം കൂടുമ്പോൾ അവള്‍ക്ക് ഓരോ വര്‍ഷവും എട്ട് വയസ് വരെ കൂടി. എന്നിരുന്നാലും ഈ രോഗം അവളുടെ ആത്മവിശ്വാസത്തെ കെടുത്തിയില്ല. മെയ് മാസത്തില്‍ 18 വയസ് തികഞ്ഞപ്പോള്‍ അവള്‍ വലിയ രീതിയില്‍ അത് ആഘോഷിച്ചു. രാത്രിയില്‍ പബ്ബില്‍ പോവാനും, തന്റെ പ്രിയപ്പെട്ട കോക്ക്ടൈല്‍ കഴിക്കാനും അവള്‍ ഉത്സാഹം കാട്ടി. പ്രായം ശരീരത്തിന് മാത്രമായിരുന്നു, അവളുടെ മനസ്സ് എന്നും ചെറുപ്പമായിരുന്നു.കുട്ടിയായിരുന്നപ്പോള്‍ മറ്റുള്ളവരുടെ കളിയാക്കലുകളെ ഭയന്ന് വീട്ടില്‍ തന്നെ ഇരുന്നിരുന്ന അവള്‍ എന്നാല്‍ വലുതാകുംതോറും അതിനെ നേരിടാനും, അതിജീവിക്കാനും പഠിച്ചു. അവളുടെ മനസ്സിനെ മുറിപ്പെടുത്താന്‍ അവള്‍ ആരെയും ഒന്നിനെയും അനുവദിച്ചില്ല. എന്നാലും അവളുടെ ശരീരം പെട്ടെന്ന് പ്രായമായി. വാര്‍ദ്ധക്യത്തിന്റേതായ എല്ലാ പ്രശ്‍നങ്ങളും ശരീരം കാണിച്ചു തുടങ്ങി. ഒന്ന് വളര്‍ന്ന് തുടങ്ങിയപ്പോഴേക്കും സന്ധിവാതവും, ഹൃദ്രോഗവും അവളെ ബാധിച്ചു. അവളുടെ ചലനത്തെ അത് ബാധിച്ചു. അവളുടെ ഇടുപ്പെല്ല് തകര്‍ന്നു. മൂന്ന് തവണ സര്‍ജറിയ്ക്ക് അവള്‍ വിധേയയായി. എന്നാല്‍ ഒരു ചെറുപുഞ്ചിരിയോടെ അവള്‍ അതെല്ലാം നേരിട്ടു. മകളുടെ അസാമാന്യ ബുദ്ധിശക്തിയിലും, മനക്കരുത്തിലും ആ അമ്മ എന്നും അഭിമാനിച്ചിരുന്നു.എന്നിരുന്നാലും, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് മരണം അവളെ കവര്‍ന്നെടുത്തത്. മറ്റേതു ദിവസം പോലെയും അവള്‍ അന്ന് പാര്‍ക്കില്‍ ചുറ്റിനടക്കുകയായിരുന്നു. എന്നാല്‍ കുറച്ച്‌ കഴിഞ്ഞപ്പോള്‍ ഹൃദയസ്തംഭനം മൂലം അവള്‍ മരണപ്പെട്ടു.

അവളുടെ ജീവിതം അവള്‍ ആഘോഷമാക്കിയതിന്റെ ഓര്‍മ്മയ്ക്കായി അവളുടെ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഒരു വലിയ പാര്‍ട്ടി സംഘടിപ്പിക്കാന്‍ ആലോചിക്കുന്നു. ഇതിനാവശ്യമുള്ള തുകക്കായി അവര്‍ ഒരു ജസ്റ്റ് ഗിവിംഗ് പേജ് ആരംഭിച്ചിട്ടുണ്ട്. മകള്‍ ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു എന്ന് പറഞ്ഞ അവളുടെ അമ്മ വെള്ള തൂവലുകള്‍, സ്വവര്‍ഗ്ഗ പതാകകള്‍, നാല് വെള്ള കുതിരകള്‍ എന്നിവ മകളുടെ സംസ്‌കാരച്ചടങ്ങിന്റെ ഭാഗമായിരുന്നു എന്നും പറഞ്ഞു. 2008 -ല്‍ പുറത്തിറങ്ങിയ 'ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടണ്‍' എന്ന ചിത്രവുമായി അവളുടെ ജീവിതത്തെ പലരും താരതമ്യപ്പെടുത്തുന്നു.

Tags:    

Similar News