പുതിയ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ മോദി സര്‍ക്കാറിന്റെ പദ്ധതികളും
ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരെ കുറിച്ച് വിവരണങ്ങള്‍ വെട്ടിച്ചുരുക്കിയും നോട്ട് നിരോധനം അടക്കം മോദിസര്‍ക്കാറിന്റെ പദ്ധതികള്‍ കുത്തിനിറച്ചും എന്‍.സി.ഇ.ആര്‍.ടിയുടെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍. ആറു മുതല്‍ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പരിഷ്‌കാരം.…
ന്യൂഡല്‍ഹി: രാഷ്ട്രീയക്കാരെ കുറിച്ച് വിവരണങ്ങള്‍ വെട്ടിച്ചുരുക്കിയും നോട്ട് നിരോധനം അടക്കം മോദിസര്‍ക്കാറിന്റെ പദ്ധതികള്‍ കുത്തിനിറച്ചും എന്‍.സി.ഇ.ആര്‍.ടിയുടെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍. ആറു മുതല്‍ 10 വരെ ക്ലാസുകളിലെ പുസ്തകങ്ങളിലാണ് പരിഷ്‌കാരം. 10ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകം പരിഷ്‌കരിച്ച് ഡെമോക്രാറ്റിക് പൊളിറ്റിക്‌സ് എന്ന പേരില്‍ രണ്ട് ഭാഗങ്ങളായാണ് പുതിയ അധ്യയനവര്‍ഷം എന്‍.സി.ഇ.ആര്‍.ടി തയാറാക്കിയത്. രാഷ്ട്രീയക്കാരെക്കുറിച്ച വിവരങ്ങള്‍ക്കൊപ്പം കാര്‍ട്ടൂണുകളും ചുരുക്കി.
വിവരാവകാശ നിയമം എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പാക്കിയെന്ന് തോന്നിപ്പിക്കുന്നവിധമാണ് പുസ്തകത്തിലെ ചിത്രീകരണം. നോട്ട് നിരോധനത്തെ കുറിച്ച് വിവരിക്കുന്നത് 10ാം ക്ലാസ് ഇക്കണോമിക്‌സ് പാഠപുസ്തകത്തിലാണ്. നോട്ട് നിരോധിച്ചതോടെ രാജ്യം ഡിജിറ്റല്‍ ആയി മാറിയെന്നാണ് വിശദീകരണം. ഡിജിറ്റില്‍ ഇന്ത്യയെ കുറിച്ച മോദിയുടെ മുദ്രാവാക്യങ്ങളും ഒപ്പമുണ്ട്. സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് ആറാം ക്ലാസ് തൊട്ടുള്ള അഞ്ച് പാഠപുസ്തകങ്ങളില്‍ വിവിധ അധ്യായങ്ങളിലായി അവതരിപ്പിക്കുന്നു. മൂന്ന് പാഠപുസ്തകങ്ങളില്‍ ഗംഗ ശുചീകരണ പദ്ധതിയെക്കുറിച്ച് പഠിപ്പിക്കുന്നു. ഏഴാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയും എട്ടാം ക്ലാസിലെ ജിയോഗ്രഫി പുസ്തകത്തില്‍ 'പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന'യും പാഠ്യവിഷയം. ചരിത്ര പാഠപുസ്തകങ്ങളിലും കാര്യമായ മാറ്റങ്ങള്‍ എന്‍.സി.ഇ.ആര്‍.ടി വരുത്തി.
മഹാറാണ പ്രതാപ്, ഛത്രപതി ശിവജി, ജാട്ട് നേതാവ് സൂരജ്, ആത്മീയ നേതാവ് ശ്രീ അരബിേന്ദാ, വല്ലഭായ് പേട്ടല്‍ തുടങ്ങിയവരുടെ വിവരണങ്ങള്‍ പുതിയ പുസ്തകങ്ങളിലുണ്ട്. ഒന്നു മുതല്‍ 12 വരെ ക്ലാസുകളിലെ 182 പാഠപുസ്തകങ്ങളില്‍ 1,334 മാറ്റങ്ങളാണ് എന്‍.സി.ഇ.ആര്‍.ടി വരുത്തിയത്.