മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം
മംഗളൂരു: ദക്ഷിണ കർണാടകയിലെ മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. നാല് മാസങ്ങൾക്ക് മുമ്പ് ദുബായിൽ യാത്ര ചെയ്തയാൾ ആർ ടി…
മംഗളൂരു: ദക്ഷിണ കർണാടകയിലെ മംഗളൂരുവിൽ കോവിഡ് രോഗിയിൽ കൊറോണ വൈറസിന്റെ എറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. നാല് മാസങ്ങൾക്ക് മുമ്പ് ദുബായിൽ യാത്ര ചെയ്തയാൾ ആർ ടി പി സി ആർ പരിശോധനയ്ക്കായി നൽകിയ സാമ്പിളിലാണ് ഈ പുതിയ വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നത്.
"ദക്ഷിണ കർണാടകയിൽ കോവിഡ് 19-ന്റെ എറ്റ വകഭേദം മൂലമുണ്ടായ രോഗബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. നാല് മാസങ്ങൾക്ക് മുമ്പ് ദുബായിയിൽ നിന്നെത്തിയ ഒരു യാത്രികന്റെ ആർ ടി പി സി ആർ പരിശോധനയിൽ അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ആ സാമ്പിൾ ജനിതക ശ്രേണീകരണത്തിന് അയച്ചു കൊടുത്തിരുന്നു. അതിന്റെ ഫലം ചൊവ്വാഴ്ചയാണ് ലഭിച്ചത്", ജില്ലാ ആരോഗ്യ ഓഫീസർ കിഷോർ കുമാർ പറഞ്ഞു. എറ്റ അഥവാ B.1.525 എന്ന കോവിഡ് വകഭേദം ആദ്യമായി കണ്ടെത്തിയത് 2020 ഡിസംബറിൽ യു കെ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ്. നിലവിൽ 23 രാജ്യങ്ങളിലേക്ക് ഈ വകഭേദം പടർന്നതായാണ് ലഭിക്കുന്ന വിവരം. മുമ്പ് തിരിച്ചറിഞ്ഞിട്ടുള്ള ആൽഫ, ബീറ്റ, ഗാമ എന്നീ വകഭേദങ്ങളിൽ ഉണ്ടായിട്ടുള്ള N501Y എന്ന് പേരുള്ള ജനിതകമാറ്റമല്ല എറ്റ വകഭേദത്തിലുള്ളത്.
മറിച്ച് ഗാമ, സീറ്റ, ബീറ്റ വകഭേദങ്ങളിലെ E484K എന്ന ജനിതകവ്യതിയാനമാണ്. മാർച്ച് 5-ന് ലഭിച്ച കണക്കുകൾ പ്രകാരം 23 രാജ്യങ്ങളിലാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഫ്രാൻസിന്റെ അധീനപ്രദേശമായ മയോട്ടെയിലും ഈ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫെബ്രുവരി 24 വരെ 56 കോവിഡ് രോഗികളിലാണ് എറ്റ വകഭേദത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. കോവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന ഡെന്മാർക്കിൽ ജനുവരി 14-നും ഫെബ്രുവരി 21-നും ഇടയിൽ 113 കേസുകളിലാണ് എറ്റ വകഭേദം സ്ഥിരീകരിച്ചത്. അവയിൽ ഏഴ് സാമ്പിളുകൾ നൈജീരിയയിലേക്ക് യാത്ര ചെയ്തവരുടേതായിരുന്നു.
എറ്റ വകഭേദം എത്രത്തോളം ആശങ്കപ്പെടുത്തുന്നതാണ് എന്നതിനെക്കുറിച്ച് യു കെയിൽ പഠനങ്ങൾ നടന്നു വരികയാണ്. ലോകാരോഗ്യ സംഘടന 'വേരിയന്റ് ഓഫ് ഇൻട്രസ്റ്റ്' എന്ന ഗണത്തിലാണ് ഈ വകഭേദത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കൂടുതൽ പഠനത്തിന്റെ വെളിച്ചത്തിൽ അത് ആശങ്ക ഉയർത്തുന്ന കോവിഡ് വകഭേദത്തിന്റെ പട്ടികയിൽ ഇടം നേടാനുള്ള സാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ല.
ഇതിനകം കണ്ടെത്തിയ ചില കോവിഡ് വകഭേദങ്ങളുടേതിന് സമാനമായ ജനിതകമാറ്റങ്ങളാണ് എറ്റ വകഭേദത്തിലും ഉള്ളതെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ പ്രൊഫസർ രവി ഗുപ്ത ബി ബി സിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിനാൽ, അവയുടെ സാധ്യമായ പ്രത്യാഘാതങ്ങൾ ഏറെക്കുറെ പ്രവചിക്കാൻ കഴിയുന്നവയാണ്.