വവ്വാലില്‍ നിന്ന് വീണ്ടുമൊരു വൈറസ്; രോഗം ബാധിച്ചാല്‍ 88 ശതമാനം വരെ മരണം"' ഭീതി പരത്തി മാര്‍ബര്‍ഗ് വൈറസ് ബാധ
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതിൽ…
;പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള വൈറസിന് സമാനമായ മാര്‍ബര്‍ഗ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. ഗ്വക്കെഡോയിൽ ആഗസ്റ്റ് രണ്ടിന് മരിച്ച രോഗിയിൽ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക് വിധേയമാക്കിയതിൽ നിന്നാണ് രോഗബാധ കണ്ടെത്തിയത്. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക് രോഗം പകരുന്നത്. മനുഷ്യരിലെത്തിയാൽ രക്തം, മറ്റു ശരീര ദ്രവങ്ങൾ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടർന്നു പിടിക്കും എന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. ഗിനിയൻ സർക്കാറും മാർബർഗ് കേസ് സ്ഥിരീകരിച്ചു.
റൗസെറ്റസ് വവ്വാലുകൾ താമസിക്കുന്ന ഗുഹകളിലോ ഖനികളിലോ നിന്നാണ് മാർബർഗ് പടരാൻ സാധ്യതയുള്ളതായി അധികൃതർ അറിയിച്ചു. അതേസമയം, രോഗം ബാധിച്ചാല്‍ 88 ശതമാനം വരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എന്ന വൈറസ് എബോള ഉൾപ്പെടുന്ന ഫിലോവൈറസ് കുടുംബത്തിലെ അംഗമാണ്. 1967ൽ ജർമനിയിലെ മാർബർഗ് പട്ടണത്തിൽ വൈറസ് ബാധ ആദ്യം കണ്ടെത്തിയതിനാലാണ് ഈ പേര് ലഭിച്ചത്. രോഗം ബാധിച്ച ആളുകളുടെ ശരീര ദ്രാവകങ്ങളിൽ നിന്നോ അല്ലെങ്കിൽ മലിനമായ പ്രതലങ്ങളുമായോ വസ്തുക്കളുമായോ സമ്പർക്കത്തിലൂടെയോ ആണ് മാർബർഗ് പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്.വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ഒമ്പത് ദിവസത്തിനുള്ളില്‍ രോഗബാധ പ്രകടമാകും. മലമ്പനി, മഞ്ഞപ്പനി, സന്നിപാതജ്വരം തുടങ്ങിയ രോഗങ്ങളുടെ സമാന ലക്ഷണങ്ങളാണ് ഉണ്ടാകുന്നത്.