നിഥിനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്: മരണം കഴുത്തിലെ രക്തധമനികള്‍ മുറിഞ്ഞ്, രക്തം വാര്‍ന്ന്
കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട നിഥിനയുടെ കഴുത്തില്‍ ആഴത്തിലും വീതിയിലുമുള്ള മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ്…
;കോട്ടയം: പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് ദാരുണമായി കൊല്ലപ്പെട്ട നിഥിനയുടെ കഴുത്തില്‍ ആഴത്തിലും വീതിയിലുമുള്ള മുറിവുണ്ടായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. രക്തധമനികള്‍ മുറിഞ്ഞുപോയിരുന്നു. രക്തം വാര്‍ന്നതാണ് മരണകാരണമെന്നും റിപ്പോർട്ടില്‍ പറയുന്നു. ചേര്‍ത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിത രക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാരുടെ തലവന്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിഥിനാ മോളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.
നിഥിനയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്നാണ് പോലിസിന്റെ നിഗമനം. പ്രണയ നൈരാശ്യത്തെത്തുടര്‍ന്ന് കൊല നടത്തിയെന്നാണ് പ്രതി അഭിഷേക് നേരത്തെ പോലിസിന് മൊഴി നല്‍കിയിരുന്നത്. നിഥിനയെ കൊലപ്പെടുത്താന്‍ പുതിയ ബ്ലേഡ് വാങ്ങിയതായി പ്രതി അഭിഷേക് മൊഴി നല്‍കി. ഒരാഴ്ച മുമ്പ് കൂത്താട്ടുകുളത്തെ കടയില്‍നിന്നാണ് ബ്ലേഡ് വാങ്ങിയത്.
പേപ്പര്‍ കട്ടറിലുണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം അഭിഷേകിനെ എത്തിച്ച് പോലിസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. പ്രതിയെ പാലാ സെന്റ് തോമസ് കോളജിലെത്തിച്ചും തെളിവെടുപ്പ് നടത്തും. അതിനിടെ, പെണ്‍കുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനും പോലിസ് നടപടി തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നിന് രാവിലെ 11.30 ഓടെയാണ് പാലാ സെന്റ് തോമസ് കോളജില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
അവസാനവര്‍ഷ ഫുഡ് ടെക്‌നോളജി പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു നിഥിന മോളും അഭിഷേക് ബൈജുവും. 11 മണിയോടെ പരീക്ഷാ ഹാളില്‍നിന്ന് അഭിഷേക് ഇറങ്ങി. നിഥിനയെ കാത്ത് വഴിയരികില്‍ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍, കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പോലിസിന് മൊഴി നല്‍കിയിട്ടുള്ളത്. കത്തി കൊണ്ടുവന്നത് തന്റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ ഭയപ്പെടുത്താനാണ്. എന്നാല്‍, വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ കൊലപാതകം നടന്നുവെന്നും മൊഴിയില്‍ പറയുന്നു. മുന്‍കൂട്ടി തീരുമാനിച്ചതല്ല കൊലപാതകമെന്ന അഭിഷേകിന്റെ മൊഴി പോലിസ് വിശ്വാസത്തിലെടുത്തിട്ടില്ല.