ജലനിരപ്പ് 2399 അടിയിലേക്ക്; ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും
ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബിയുടെ ആലോചന. 2398.46 അടിയാണ് അണക്കെട്ടിലെ…
ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നേക്കും. ഇന്ന് വൈകിട്ട് 4 മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാനാണ് കെഎസ്ഇബിയുടെ ആലോചന. 2398.46 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കിൻ്റെ ശക്തി കുറഞ്ഞതോടെ ജലനിരപ്പ് ഉയരുന്നത് സാവധാനത്തിലായിട്ടുണ്ട്.
അണക്കെട്ടില്‍ ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നിലവിലെ റൂൾ കർവ് അനുസരിച്ച് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. അപ്പർ റൂൾ ലവലായ 2400.03 അടിയിലേക്ക് ജലനിരപ്പ് അടുത്താൽ മാത്രം തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. തുറക്കേണ്ടി വന്നാൽ ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ ഉയർത്തി സെക്കൻ്റിൽ ഒരു ലക്ഷം ലിറ്ററോളം വെള്ളം പുറത്തേക്ക് ഒഴുക്കും.
പെരിയാറിൻ്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139.25 അടിയിലെത്തി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻ്റെ അളവ് ഗണ്യമായി കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. ബംഗാൾ ഉൾക്കടലിലെ പുതിയ ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ മുന്നറിയിപ്പാണ് ഉള്ളത്. ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.