തമിഴ്‌നാട് വെള്ളത്തിലായതോടെ കേരളത്തിലെ പച്ചക്കറിവില കുതിച്ചുയരുന്നു
തമിഴ്‌നാട്ടിലെ കാർഷികഗ്രാമങ്ങളിലടക്കം തുടർച്ചയായി പെയ്യുന്ന മഴ മൂലം കൃഷിയിടങ്ങൾ വെള്ളത്തിലായതോടെ കേരളത്തിലെ പച്ചക്കറിവില കുതിച്ചുയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 15 രൂപ മാത്രം വിലയുണ്ടായിരുന്ന വെണ്ടയ്ക്കക്ക് തിങ്കളാഴ്ച 60…
തമിഴ്‌നാട്ടിലെ കാർഷികഗ്രാമങ്ങളിലടക്കം തുടർച്ചയായി പെയ്യുന്ന മഴ മൂലം കൃഷിയിടങ്ങൾ വെള്ളത്തിലായതോടെ കേരളത്തിലെ പച്ചക്കറിവില കുതിച്ചുയരുന്നു. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 15 രൂപ മാത്രം വിലയുണ്ടായിരുന്ന വെണ്ടയ്ക്കക്ക് തിങ്കളാഴ്ച 60 രൂപയായി. വെള്ളരിക്കയുടെ വില കിലോയ്ക്ക് 80 രൂപ മുതൽ മുകളിലോട്ടായി. തക്കാളിക്ക് 60, ബീൻസിന് 90. കളിയിക്കാവിള ചന്തയിൽ, കഴിഞ്ഞ ദിവസത്തെയപേക്ഷിച്ച് പച്ചക്കറികൾക്ക് അഞ്ചിരട്ടിയിലേറെ വിലക്കൂടുതലാണുണ്ടായത്.
സംസ്ഥാനത്തേക്കും അതിർത്തിപ്രദേശത്തെ ചെറുകിട വില്പനശാലകളിലേക്കും പച്ചക്കറികൾ എത്തിക്കുന്നത് കളിയിക്കാവിള, മാർത്താണ്ഡം ചന്തകളിൽനിന്നാണ്. ചില്ലറവില്പന വിലയിൽനിന്ന് എട്ടു രൂപ വരെ കുറച്ചാണ് ചില്ലറവില്പനക്കാർക്ക് മൊത്തവിതരണക്കാർ പച്ചക്കറി നൽകുന്നത്. അതിർത്തിപ്രദേശത്തെ ചന്തകളിലേക്ക് പച്ചക്കറികളെത്തുന്ന നാഗർകോവിൽ, കാവൽകിണർ, തിരുനെൽവേലി, ഒട്ടംചത്രം എന്നിവിടങ്ങളിൽ പച്ചക്കറികളുടെ വരവിൽ കുറവുണ്ടായതിനെ തുടർന്നാണ് വില വർദ്ധനയുണ്ടാതെന്നാണ് കച്ചവടക്കാർ പറയുന്നത്.