ദത്ത് വിവാദം: മാധ്യമപ്രവര്‍ത്തനത്തിൽ മാതൃകയായി ഏഷ്യാനെറ്റ് ന്യൂസ്

മാധ്യമപ്രവര്‍ത്തനം ഒരു വ്യവസായം മാത്രമല്ല, സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധി കൂടിയാണെന്ന് നമുക്ക് വീണ്ടും ബോധ്യപ്പെടുത്തിത്തന്ന വിഷയമാണ് കുഞ്ഞിനെ തേടി നടന്ന അനുപമയുടെ കഥ. ഒരു വര്‍ഷം…

By :  Editor
Update: 2021-11-26 06:20 GMT

മാധ്യമപ്രവര്‍ത്തനം ഒരു വ്യവസായം മാത്രമല്ല, സാമൂഹ്യനീതി ഉറപ്പ് വരുത്തുന്നതിനുള്ള ഉപാധി കൂടിയാണെന്ന് നമുക്ക് വീണ്ടും ബോധ്യപ്പെടുത്തിത്തന്ന വിഷയമാണ് കുഞ്ഞിനെ തേടി നടന്ന അനുപമയുടെ കഥ. ഒരു വര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം സ്വന്തം കുഞ്ഞിനെ തിരിച്ചു കിട്ടുമ്പോള്‍ അനുപമ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രത്യേകം നന്ദി പറഞ്ഞത് യാദൃശ്ചികമല്ല. അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ അനുവാദമില്ലാതെ ഏല്‍പ്പിക്കുകയും ആ കുഞ്ഞിനെ മറ്റൊരു സംസ്ഥാനത്തെ ദമ്പതികള്‍ക്ക്ദത്ത് നല്‍കിയതുമെല്ലാം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഈ മാധ്യമമാണ്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 14നാണ് ഏഷ്യാനെറ്റ് ന്യൂസ് കുഞ്ഞിനെ തേടുന്ന അമ്മയുടെ കഥ സംപ്രേഷണം ചെയ്തത്. അതോടെ അവിഹിത കുഞ്ഞ് എന്ന മുദ്രചാര്‍ത്തി അതിനെ നേരിടാന്‍ സാദാചാര വാദികള്‍ രംഗത്ത് വന്നു. അനുപമയെയും അജിത്തിനെയും പിഴച്ചവര്‍ എന്ന് വിളിക്കാന്‍ മല്‍സരമായിരുന്നു. സ്ത്രീയും പുരുഷനും നിയമ പ്രകാരം വിവാഹിതരായാല്‍ മാത്രമെ ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും അവകാശമുള്ളുവെന്ന തരത്തിലായിരുന്നു സൈബര്‍ ആക്രമണം.

അനുപമയുടെ വെളിപ്പെടുത്തലുകള്‍ ആരേയും അമ്പരപ്പിക്കുന്നതായിരുന്നു. അനുപമയുടെ മുത്തച്ഛന്‍ പേരൂര്‍ക്കട സദാശിവന്‍ ഒരു കാലത്ത് തിരുവനന്തപുരത്തെ സി.പി.എമ്മിന്റെ സമുന്നതനായ നേതാവ് ആയിരുന്നു. അത് കൊണ്ട് തന്നെ ഈ വിഷയങ്ങൾ വല്ലാതെ ഉയർന്നു വന്നില്ല, തുടര്‍ന്നുള്ള ദിവസങ്ങളില്‍ പല വട്ടം ഏഷ്യാനെറ്റ് ന്യൂസ് ഈ വിഷയം സജീവമായി ചര്‍ച്ചാ വിഷയമാക്കിയപ്പോഴാണ് മറ്റ് ചാനലുകളും ഇതേ വിഷയം ഏറ്റുപിടിച്ചത്. അങ്ങനെ അനുപമയുടെ വേദന കേരളത്തിന്റെ വേദനയാകാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ. പക്ഷെ ചാനല്‍ ചര്‍ച്ചയില്‍ വന്ന് ഇടതുപക്ഷ സഹയാത്രികര്‍ പലരും അനുപമയേയും കുഞ്ഞിന്റെ അച്ഛന്‍ അജിത്തിനേയും രൂക്ഷമായി വിമര്‍ശിച്ചപ്പോഴെല്ലാം ജനം അവരെ തള്ളിക്കളയുകയാണ് ചെയ്തത്.

ആദ്യത്തെ സ്വകാര്യ ചാനലായി ഏഷ്യാനെറ്റ് ആരംഭിക്കുമ്പോള്‍, സ്ഥാപകര്‍ തുടങ്ങി വെച്ച പാരമ്പര്യം ഇന്നും കാത്തു സൂക്ഷിക്കുന്നു. ശശികുമാറും ബി.ആര്‍.പി ഭാസ്‌ക്കറും സക്കറിയയും കെ.ജയച്ചന്ദ്രനും എല്ലാം സ്വപ്‌നം കണ്ടിരുന്ന, ജനങ്ങള്‍ക്ക് വേണ്ടിയുള്ള മാധ്യമം എന്ന മഹത്തായ സങ്കല്‍പ്പം ഏഷ്യാനെറ്റ് ന്യൂസ് ഓരോ ചുവട് വെപ്പിലും പിന്തുടരുന്നത് ഏറെ പ്രതീക്ഷ നൽകുന്നു.

മാധ്യമ രംഗത്തെ പുതിയ തലമുറയ്ക്ക് ലക്ഷണമൊത്ത ഒരു പാഠം കൂടിയാണ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ സംഭവം ഏഷ്യാനെറ്റ് പുറത്ത് കൊണ്ട് വന്ന ഒരു സിനിമാക്കഥ പോലെ കുഞ്ഞിനെ നഷ്ടമായ ഒരമ്മക്ക് അവനെ തിരികെ ലഭിച്ച കഥ.

Tags:    

Similar News