കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആലോചിച്ച് സംസ്ഥാന സർക്കാർ ;അവലോകനയോഗം ഇന്ന്
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം നിർണ്ണായക തീരുമാനമെടുക്കും. സ്കൂളുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിലും തീരുമാനം…
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകനയോഗം നിർണ്ണായക തീരുമാനമെടുക്കും. സ്കൂളുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിലും തീരുമാനം വരും. ഞായറാഴ്ച അടച്ചിടൽ, രാത്രികാല കർഫ്യു അടക്കം വരുമോ എന്നുള്ളതാണ് അറിയേണ്ടത്.
ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ കൂടുതൽ നിയന്ത്രണം വരാൻ സാധ്യതയുണ്ട്. നിലവിലെ ക്ലാസുകളുടെ സമയം കുറക്കുന്നതും ഓൺലൈനിലേക്ക് മാറ്റുന്നതും പരിഗണിക്കുന്നുണ്ട്. എന്നാൽ പത്ത്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈനായി തുടരാനാണ് സാധ്യത. മാർച്ച് അവസാനം നിശ്ചയിച്ച വാർഷിക പരീക്ഷകൾ മാറ്റാനിടയില്ല.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
കൊവിഡ് കേസുകൾ കുത്തനെ കൂടിയാൽ മൂന്ന് ഘട്ടങ്ങളായുള്ള പ്രത്യേക കർമ്മപദ്ധതി നടപ്പിലാക്കാനാണ് ആരോഗ്യവകുപ്പിന്‍റെ ആലോചന. സ്വകാര്യ ആശുപത്രികളെ കൂടി സജ്ജമാക്കാനും കോവിഡിതര ചികിത്സകൾ നിയന്ത്രിക്കാനും നിർദേശിച്ചാണ് മുന്നൊരുക്കം. ക്ലസ്റ്ററുകളിൽ ഒമിക്രോൺ ജനിതക പരിശോധനയും റാൻഡം പരിശോധനയും നടത്തും. ആരോഗ്യ പ്രവർത്തകരുടെ കുറവ് നേരിടാൻ ഹോമിയോ, ഡെന്റൽ ഡോക്ടർമാരെയും നിയോഗിക്കും. ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ പരമാവധി ശേഷിയിലെത്തിക്കാനും പകരം സംവിധാനങ്ങൾ കരുതാനും ഒരുക്കം തുടങ്ങി.
മൂന്ന് ഘട്ടം നിശ്ചയിച്ചാണ് സംസ്ഥാനത്തെ ഒരുക്കം. നിലവിലെ ചികിത്സാ സംവിധാനങ്ങളെ കൊവിഡിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന പഴയരീതി വീണ്ടും കൊണ്ടുവരും. ജനുവരി ഒന്നിലെ കണക്കിൽ നിന്നും, ആശുപത്രി കേസുകൾ ഇരട്ടിയാവുകയും ഗുരുതര കേസുകളിൽ 50 ശതമാനം വർധനവും ഉണ്ടായാൽ ആദ്യഘട്ടം. ഈ ഘട്ടത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. ഓക്സിജൻ, ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ കൊവിഡിനായി 20 ശതമാനം വർധിപ്പിക്കണം. ഹോമിയോ, ഡെന്റൽ അടക്കം മറ്റു വിഭാഗങ്ങളെ കോവിഡ് ചികിത്സയിലേക്ക് കൊണ്ടുവരണം. ക്ലസ്റ്ററുകളിൽ പരിശോധന കൂട്ടി ഒമിക്രോൺ ജനിതക പരിശോധനയും നടത്തണം. ഐസൊലേഷൻ നടപ്പാക്കണം. മരുന്നുകളും ഓക്സിജനും കൂടുതലായി സംഭരിക്കണം.
ഐസിയു കേസുകൾ ഇരട്ടിയാവുകയും, രോഗികളുടെ എണ്ണം ജില്ലയിലെ മൊത്തം ആശുപത്രി അഡ്മിഷന്റെ പത്ത് ശതമാനമെത്തുകയും ചെയ്താൽ രണ്ടാംഘട്ടം. ഈ ഘട്ടത്തിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കും. കോവിഡിതര ചികിത്സകൾ നിയന്ത്രിക്കും. ഐസിയു, വെന്റിലേറ്റർ സംവിധാനം 30 ശതമാനം കൂടി കൂട്ടും. കരുതൽ സംഭരണം നൂറുശതമാനമാക്കണം. ഈ ഘട്ടത്തിൽ ശ്വാസകോശ പ്രശ്നങ്ങളുള്ളവർക്ക് പൂർണമായും ഹോം ഐസോലേഷനാണ്. പനിയുണ്ടെങ്കിൽ നിർബന്ധ പരിശോധന. കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണത്തിന്റെ നാലിലൊന്നായാൽ മൂന്നാംഘട്ടം. ഈ ഘട്ടത്തിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 70 ശതമാനം കടന്നാൽ റഫർ ചെയ്യാൻ സ്വകാര്യ ആശുപത്രികളെക്കൂടി സജ്ജമാക്കണം. കുടുംബാരോഗ്യ കേന്ദ്രങ്ങൾ മെഡിക്കൽ കോളേജുകൾ വരെ പ്രത്യേകം കോവിഡ് കിടക്കകൾ സജ്ജീകരിക്കും. ഓക്സിജൻ വാർറൂമുകൾ തുറക്കും.