വിവാദങ്ങൾക്കിടെ തിരുവാതിര കളിച്ച് വീണ്ടും വെട്ടിലായി സിപിഎം;മെഗാ തിരുവാതിര തൃശൂരിലും
തിരുവനന്തപുരത്തിന് പിന്നാലെ തൃശ്ശൂരിലും തിരുവാതിര കളിച്ച് സിപിഎം വിവാദത്തിൽ. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി നേതൃത്വം തിരുവാതിര സംഘടിപ്പിച്ചത്. പാറശ്ശാല ഏരിയ കമ്മിറ്റി 500 ലധികംപേരെ…
;തിരുവനന്തപുരത്തിന് പിന്നാലെ തൃശ്ശൂരിലും തിരുവാതിര കളിച്ച് സിപിഎം വിവാദത്തിൽ. തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് പാർട്ടി നേതൃത്വം തിരുവാതിര സംഘടിപ്പിച്ചത്. പാറശ്ശാല ഏരിയ കമ്മിറ്റി 500 ലധികംപേരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച തിരുവാതിരയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെയാണ് സമാന സംഭവം തൃശ്ശൂരും അരങ്ങേറുന്നത്.
തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് സമ്മേളനത്തിന് മുന്നോടിയായി തിരുവാതിര സംഘടിപ്പിച്ചത്. 100 നടുത്തു ആളുകളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ കൂടിച്ചേരലുകൾക്കും തിരുവാതിരപോലുള്ള പരിപാടികൾക്കും മറ്റും ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് പാർട്ടിയുടെ നടപടി.
രോഗവ്യാപനം രൂക്ഷമാകുന്നതിനിടെ നടത്തിയ പരിപാടി വിവാദമായതോടെ ന്യായീകരണവുമായി സിപിഎം നേതൃത്വവും രംഗത്ത് എത്തി. പരിപാടിയിൽ പങ്കെടുത്തവരെല്ലാം മാസ്‌ക് ധരിച്ചിരുന്നുവെന്നാണ് വാദം. സാമൂഹിക അകലം പാലിക്കാൻ ഇവർക്ക് നിർദ്ദേശിച്ചിരുന്നതായും സംഘാടകർ പറയുന്നു. 21 മുതൽ 23 വരെയാണ് തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം.
പാറശ്ശാല ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി അനൗചിത്യമായിരുന്നു എന്ന് സിപിഎം മുതിർന്ന നോതാക്കൾ പോലും കുറ്റസമ്മതം നടത്തിയിരുന്നു. ഇതിനിടെ സമാനരീതിയിൽ തൃശ്ശൂരിൽ നടന്ന തിരുവാതിര സിപിഎം നേതൃത്വത്തെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്.