കുന്നംകുളം അപകടം; കെ സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറും പിക് അപ് വാൻ ഡ്രൈവറും അറസ്റ്റിൽ
തൃശൂര്‍: കുന്നംകുളം അപകടത്തിന് കാരണമായ കെ സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറും പിക് അപ് വാൻ ഡ്രൈവറും അറസ്റ്റിൽ. പിക് അപ് വാൻ ഡ്രൈവറായ സൈനുദ്ദീൻ, കെ സ്വിഫ്റ്റ്…
;തൃശൂര്‍: കുന്നംകുളം അപകടത്തിന് കാരണമായ കെ സ്വിഫ്റ്റ് ബസിന്റെ ഡ്രൈവറും പിക് അപ് വാൻ ഡ്രൈവറും അറസ്റ്റിൽ. പിക് അപ് വാൻ ഡ്രൈവറായ സൈനുദ്ദീൻ, കെ സ്വിഫ്റ്റ് ബസ് ഡ്രൈവർ വിനോദും ആണ് അറസ്റ്റിലായത്. കെ സ്വിഫ്റ്റ് ബസ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുന്നംകുളത്ത് വാഹനമിടിച്ച് ഒരാള്‍ മരിച്ച സംഭവത്തിലാണ് ബസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30നാണ് അപകടത്തിൽപ്പെട്ടത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് തമിഴ്നാട് സ്വദേശിയായ പരസ്വാമിയെ ഇടിക്കുകയായിരുന്നു. റോഡ് മുറിച്ചുകടക്കുകയായിരുന്ന പരസ്വാമിയെ ഒരു പിക്കപ്പ് വാനാണ് ആദ്യം ഇടിച്ചത്. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ കെ സ്വിഫ്റ്റ് ബസും കയറിയിറങ്ങുകയായിരുന്നു. ഉടനെ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
കെ-സ്വിഫ്റ്റ് ബസ് ഇടിച്ചാണ് പരസ്വാമി മരിച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിക്കപ്പ് വാനിടിച്ച് 30 സെക്കന്റുകള്‍ക്ക് ശേഷമാണ് കെ സ്വിഫ്റ്റ് ബസ് ഇയാളുടെ ശരീരത്തിലൂടെ കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരിക്കുന്നത്.