പി സി ജോർജ് പോലീസ് കസ്റ്റഡിയിൽ; നടപടി തിരുവനന്തപുരത്തെ വിദ്വേഷപ്രസംഗക്കേസിൽ; പോലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ; അറസ്റ്റിനെ എതിർത്ത് ബിജെപി നേതാക്കൾ; പ്രതിഷേധിച്ച പിഡിപി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
കൊച്ചി: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ…
കൊച്ചി: തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തിയ പി സി ജോർജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് അദ്ദേഹത്തെ ഐ ജി ഓഫീസിലേക്ക് മാറ്റി. ഒരുമണിക്കൂറോളം നേരം നീണ്ടുനിന്ന നടപടികൾക്കൊടുവിലാണ് പി സി ജോർജിനെ പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് മാറ്റിയത്.
പിസി ജോർജിനെതിരെ പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പിന്തുണയുമായി ബിജെപിയും പൊലീസ് സ്റ്റേഷനു മുന്നിൽ എത്തിയത് സംഘർഷത്തിന് ഇടയാക്കി. ഇവരെ നീക്കാൻ പൊലീസ് ബലം പ്രയോഗിച്ചു. ജോർജുമായി പൊലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. ഈ വാഹനം ബിജെപി പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ നീക്കം ചെയ്തു.മകൻ ഷോൺ ജോർജിനൊപ്പം സ്റ്റേഷനിൽ എത്തിയ ജോർജ് നിയമത്തിനു വിധേയമാവുന്നതായി മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
സർക്കാർ അപേക്ഷ പരിഗണിച്ചാണ് കോടതി ജാമ്യം റദ്ദാക്കിയത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് (രണ്ട്) വിധി പറഞ്ഞത്. ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർക്ക് പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് ഹാജരായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പി സി ജോർജിന് അഭിവാദ്യമർപ്പിച്ച് ബിജെപി സംസ്ഥാനനേതാക്കളടക്കമുള്ളവർ സ്റ്റേഷനിലെത്തി.പി.സി ജോർജിനു മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയ ബാക്കിയുള്ളവരേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുജാഹിദ് ബാലുശേരി, ഫസൽ ഗഫൂർ, ആലപ്പുഴയിലെ കുട്ടി എന്നിവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കെ സുരേന്ദ്രനു പുറമേ പാർട്ടി നേതാക്കളായ പി കെ കൃഷ്ണദാസിനെയും ശോഭാ സുരേന്ദ്രനെയും പൊലീസ് സ്റ്റേഷനിൽ പ്രവേശിപ്പിച്ചു. എ എൻ രാധാകൃഷ്ണനും പാലാരിവട്ടം സ്റ്റേഷനിലെത്തിയിരുന്നു. അതേസമയം, പിഡിപി പ്രവർത്തകർ പാലാരിവട്ടത്ത് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.പ്രതിഷേധം കടുത്തതോടെയാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്ത് പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റിയത്.