കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി രക്ഷപ്പെട്ടു
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ് (23)…
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാവീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസിലെ പ്രതി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷാണ് (23) രക്ഷപ്പെട്ടത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൂന്നു ദിവസം മുൻപാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്. ഇന്നലെ രാത്രി മറ്റൊരു അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങിയത് അഴിച്ചുമാറ്റാൻ അഗ്നിരക്ഷാ സേന എത്തിയിരുന്നു. ഈ സമയം ഇയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടതായാണ് സൂചന.
യുവതിയുടെ പിതാവിന്റെ കട കത്തിച്ച ശേഷമാണ് പിറ്റേന്നു രാവിലെ വീട്ടിലെത്തി ദൃശ്യയെ വിനീഷ് ആക്രമിച്ചത്. സംഭവസ്ഥലത്തുനിന്ന് ഓടിയ പ്രതി വഴിയിൽകണ്ട ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡ്രൈവർ തന്ത്രപൂർവം സ്റ്റേഷനിലെത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു. ദൃശ്യയും വിനീഷും ഹയർ സെക്കൻഡറിയിൽ ഒരുമിച്ചു പഠിച്ചിരുന്നു.
കൊലപാതകത്തിനു 3 മാസം മുൻപ് വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി വിവാഹാഭ്യർഥന നടത്തി. ഇതു നിരസിച്ച കുടുംബം പൊലീസിൽ പരാതി നൽകി. ഈ കേസിൽ പൊലീസ് വിനീഷിനെ താക്കീതു ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാൾ ദൃശ്യയെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ദൃശ്യയെ വിളിച്ചുണർത്തി പലവട്ടം കുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.