സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയ്ക്ക് ചായയിൽ എലിവിഷം കൊടുത്ത് കൊന്നു; സംഭവം തൃശൂരിൽ
കുന്നംകുളം ∙ ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊല്ലപ്പെടുത്തിയെന്നു പൊലീസ്. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (58) കഴിഞ്ഞ ദിവസം മരിച്ചത്. കേസുമായി ബന്ധപ്പെട്ട്…
;By : Editor
Update: 2022-08-24 19:52 GMT
കുന്നംകുളം ∙ ചായയിൽ എലിവിഷം കലർത്തി മകൾ അമ്മയെ കൊല്ലപ്പെടുത്തിയെന്നു പൊലീസ്. കിഴൂർ ചൂഴിയാട്ടയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണിയാണ് (58) കഴിഞ്ഞ ദിവസം മരിച്ചത്. കേസുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ (39) പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
പോലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവ് അറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് 8 ലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവിന് വിദേശത്താണ് ജോലി. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിൽ എത്തിയിരുന്നു. ഇയാൾ ആഭരണം എവിടെയെന്നു തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇവരുടെ പിതാവ് ചന്ദ്രൻ ഉത്സവ പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്. രോഗിയായ ഇയാളുടെയും ഭാര്യയുടെയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിറ്റു ബാധ്യത തീർക്കാൻ ഇന്ദുലേഖ പദ്ധതിയിട്ടു. ഇവരുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെയാണ് സ്വത്തിന്റെ അവകാശിയായി രുഗ്മിണി കാണിച്ചിരുന്നതെന്നാണ് സൂചന.
അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചത് ഇന്ദുലേഖയും ചേർന്നായിരുന്നു. വിഷം ഉള്ളിൽ ചെന്നതായി ഡോക്ടർമാർ സൂചന നൽകി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷാംശം ഉണ്ടെന്ന് തെളിഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് ബുധനാഴ്ച വൈകിട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. മകൾ അമ്മയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചന്ദ്രനും പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നു ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വിഷം നൽകുന്നതുമായി ബന്ധപ്പെട്ട് ഗൂഗിളിൽ തിരഞ്ഞത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇന്ദുലേഖ കുറ്റം സമ്മതിക്കുകയും ചെയ്തു.