പാലക്കാട് യുവാവിനെ കൊന്ന് പുഴയില്‍ തള്ളിയ കേസിൽ ആറു പേർ കസ്റ്റഡിയിൽ
പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. ഋഷികേശ്, സ്വരാജ്, ഹക്കീം, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാലക്കാട്…
പാലക്കാട്: യുവാവിനെ കൊന്ന് പുഴയിൽ തള്ളിയ കേസിൽ ആറ് പേർ കസ്റ്റഡിയിൽ. ഋഷികേശ്, സ്വരാജ്, ഹക്കീം, അജയ്, ഷമീർ, മദൻകുമാർ എന്നിവരെയാണ് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് ആണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 20 വയസായിരുന്നു. ഒരുമാസം മുൻപ് കാണാതായ യുവാവിന്‍റെ മൃതദേഹം ഇന്നലെയാണ് കണ്ടെത്തിയത്. ജൂലൈ 19 നായിരുന്നു സുവീഷിനെ കാണാതായത്. യാക്കര പുഴയുടെ സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
സുവീഷിനെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ജൂലൈ 19 ന് രാത്രി പാലക്കാടുള്ള മെഡിക്കൽ ഷോപ്പിന് സമീപം വച്ച് സുവീഷിനെ പ്രതികള്‍ ബലമായി സ്‌കൂട്ടറിൽ കയറ്റി മലബാർ ആശുപത്രിയ്ക്ക് സമീപത്തെ ശ്മാശനത്തിലേക്ക് കൊണ്ടു പോകുകയും അവിടെ വച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയും കൊന്നു എന്നാണ് പോലീസ് പറയുന്നത്. ശേഷം ജൂലൈ 20 ന് രാവിലെ മൃതദേഹം പ്രതികൾ യാക്കര പുഴയിൽ ഉപേക്ഷിച്ചു. യാക്കര പുഴയുടെ സമീപത്ത് നിന്നും കണ്ടെത്തിയ മൃതദേഹത്തിന്റെ അവശിഷ്ടം ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. പഴക്കമുള്ളതിനാല്‍ ശരീരം ഏകദേശം പൂര്‍ണ്ണമായും അഴുകിയ നിലയിലായിരുന്നു.
ഇതിനിടയിൽ മകന് ഭീഷണി ഉണ്ടായിരുന്നുവെന്ന് കൊലപ്പെട്ട സുവീഷിന്‍റെ അമ്മ പറഞ്ഞു. കാർ വാടകക്ക് എടുത്തതിനെ ചൊല്ലിയായിരുന്നു ഭീഷണി. ഇതിനെചൊല്ലി നേരത്തേയും സുഹൃത്തുക്കൾ വീട്ടിലെത്തി മർദിച്ചിരുന്നതായും സുവീഷിന്റെ അമ്മ പറഞ്ഞു. എന്നാൽ ഇവർക്കിടയിലുണ്ടായിരുന്ന ലഹരി ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും റിപ്പോർട്ടുണ്ട്. സുവീഷിനെ കാണാതായതോടെ ജൂലൈ 26നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. അതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തക്കൾ യാക്കര പുഴയുടെ ചതുപ്പിൽ കൊന്ന് താഴ്ത്തിയതായി മൊഴി നൽകിയത്.