പെരുമ്പാമ്പിനൊപ്പം ഫോട്ടോയ്‌ക്ക്‌ ‘പോസ്‌’ ചെയ്ത് നടൻ മണിക്കുട്ടൻ; ഇല്യാനയ്ക്കൊപ്പമുള്ള ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വ്യത്യസ്തമായ കിടിലൻ ഫോട്ടോഷൂട്ടുമായി നടൻ മണിക്കുട്ടൻ. ഇല്യാന എന്ന പെരുമ്പാമ്പിനൊപ്പമാണ് പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മലയാളത്തിൽ ഒരു നടൻ ആദ്യമായാണ്‌ പെരുമ്പാമ്പിനൊപ്പം ഫോട്ടോയ്‌ക്ക്‌ ‘പോസ്‌’ ചെയ്യുന്നതെന്നുള്ളതും ഫോട്ടോഷൂട്ടിനെ…

By :  Editor
Update: 2022-08-28 06:00 GMT

വ്യത്യസ്തമായ കിടിലൻ ഫോട്ടോഷൂട്ടുമായി നടൻ മണിക്കുട്ടൻ. ഇല്യാന എന്ന പെരുമ്പാമ്പിനൊപ്പമാണ് പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. മലയാളത്തിൽ ഒരു നടൻ ആദ്യമായാണ്‌ പെരുമ്പാമ്പിനൊപ്പം ഫോട്ടോയ്‌ക്ക്‌ ‘പോസ്‌’ ചെയ്യുന്നതെന്നുള്ളതും ഫോട്ടോഷൂട്ടിനെ വ്യത്യസ്തമാക്കുന്നു.

തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഫോട്ടോഗ്രാഫർ ഗിരീഷ്‌ അമ്പാടിയുടെ ആശയമാണ്‌ ചിത്രങ്ങൾക്ക്‌ ജീവൻ നൽകിയത്‌. 24 വർഷമായി ഗിരീഷ്‌ ഫോട്ടോഗ്രഫി രംഗത്തുണ്ട്‌. ഈ കിടിലൻ ചിത്രങ്ങളുടെ കഥ ഗിരീഷും മണിക്കുട്ടനും പറയുന്നു.

നേരത്തെ ആനയെ ഉപയോഗിച്ച്‌ നടത്തിയ ഫോട്ടോഷൂട്ട്‌ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം ചെയ്യുന്നതിലും പ്രത്യേകത വേണമെന്ന്‌ ചിന്തിച്ചു. നല്ല കോസ്റ്റ്യൂം ഒക്കെ ഇട്ട്‌ നല്ല സ്ഥലത്ത്‌ വച്ച്‌ ഫോട്ടോയെടുത്താൽ മണിക്കുട്ടൻ ഇതിലും സുന്ദരനായിരിക്കും. എന്നാൽ മണിക്കുട്ടനെ വച്ച് നമ്മൾ ഒരു ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യുമ്പോൾ‌ അതിന് പറ്റുന്ന ഒരുആശയവും പുതുമയും വേണം. അങ്ങനെയാണ് പെരുമ്പാമ്പുമൊത്തുള്ള ഫോട്ടോഷൂട്ട്‌. ഇതിനെക്കുറിച്ച്‌ നേരത്തെ പലരോടും സംസാരിച്ചിരുന്നു. പക്ഷെ അവർ പേടിച്ചോ, മറ്റ്‌ പല കാരണങ്ങൾ പറഞ്ഞോ പിന്മാറി.

ഒരു വിവാഹത്തിനിടെയാണ്‌ മണിക്കുട്ടനെ കാണുന്നത്‌. അന്ന്‌ കുറച്ച്‌ ചിത്രങ്ങളെടുത്തു. ആ ചിത്രങ്ങൾ മണിക്കുട്ടന്‌ ഇഷ്ടമായി. അങ്ങനെയാണ്‌ ഫോട്ടോഷൂട്ടിന്‌ താൽപ്പര്യമുണ്ടോയെന്ന് ചോദിക്കുന്നത്‌. വ്യത്യസ്തമായത്‌ എന്തെങ്കിലുമാണെങ്കിൽ ചെയ്യാമെന്ന്‌ മണിക്കുട്ടൻ. പാമ്പുമൊത്തുള്ള ആശയം പറഞ്ഞു. ആലോചിക്കട്ടെയെന്നാണ്‌ ആദ്യം പറഞ്ഞത്‌. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ മണിക്കുട്ടൻ തിരിച്ച്‌ വിളിച്ച്‌ ചെയ്യാമെന്ന് പറഞ്ഞു. പിന്നെ സിനിമയ്‌ക്കും സീരിയലിനുമൊക്കെ മൃഗങ്ങളെ നൽകുന്ന മുഹമ്മദ് ഷാജിയെ ബന്ധപ്പെട്ട്‌ ഇല്യാന എന്ന പാമ്പിനെ റെഡിയാക്കി. ഈ പാമ്പ്‌ ഉപദ്രവിക്കില്ല എന്ന്‌ മാത്രമേയുള്ളു. പക്ഷെ നമ്മൾ വിചാരിക്കുന്നതുപോലെ ഫ്രെയിമുകൾ കിട്ടില്ല. അതിന്റെ ചലനങ്ങളെ നിയന്ത്രിക്കാനും കഴിയില്ല. നമ്മളൊരു ഫ്രെയിം ആലോചിക്കുമ്പോൾ പാമ്പ്‌ അങ്ങോട്ട്‌ വരില്ല. അങ്ങനെ കിട്ടുന്നതുവരെ മണിക്കൂറുകളോളം മണിക്കുട്ടൻ പോസ്‌ ചെയ്‌തു നിൽക്കും. ഫ്രെയിമിലേക്ക്‌ പാമ്പ്‌ വരുമ്പോൾ ഫോട്ടോ എടുക്കും.

മണിക്കുട്ടന്റെ ശരീരത്തിൽ ചെയ്‌ത ടാറ്റു ഫോട്ടോകൾക്ക്‌ കൂടുതൽ ഭംഗി നൽകി. പാമ്പ്‌ ശരീരത്തിലൂടെ ഇഴഞ്ഞ്‌ നീങ്ങുമ്പോഴും മുഖത്ത്‌ ഭാവ വ്യത്യാസം വരാൻ പാടില്ല. വന്നാൽ പടം ഉദ്ദേശിച്ച രീതിയിലാകില്ല. അങ്ങനെയടക്കം മണിക്കുട്ടൻ വളരെ ശ്രദ്ധയോടുകൂടിയാണ്‌ ഇതിന്റെ ഭാഗമായത്‌. ഒരു സിനിമയിൽ അഭിനയിക്കുന്ന അത്ര ഉത്സാഹത്തോടെയായിരുന്നു ഫോട്ടോഷൂട്ട്‌

പാമ്പാണ്‌ ആശയം എന്ന്‌ ഗിരീഷേട്ടൻ പറഞ്ഞു. സ്വാഭാവികമായും എനിക്ക് പേടിയുണ്ടായിരുന്നു. ആദ്യം പാമ്പിനെ പോയി കാണാം എന്നാണ്‌ പഞ്ഞത്‌. ആദ്യം പോയപ്പോൾ പാമ്പ്‌ എന്നോട്‌ അത്ര അടുത്തിരുന്നില്ല. ചെറിയ രീതിയിൽ അസ്വസ്ഥത കാണിച്ചു. അന്നാണ്‌ ജീവിതത്തിൽ ആദ്യമായിട്ട്‌ ഞാൻ പാമ്പിനെ കൈകൊണ്ട് തൊടുന്നത്‌. പക്ഷെ പേടിക്കാതെ കൈകാര്യം ചെയ്‌താൽ മറ്റു പ്രശ്‌നങ്ങളുണ്ടാകില്ല എന്ന്‌ മനസ്സിലായതായി മണിക്കുട്ടൻ

Tags:    

Similar News