പരീക്ഷയിൽ തോറ്റു; അധ്യാപകനെയും ക്ലർക്കുമാരെയും മരത്തിൽ കെട്ടിയിട്ട് തല്ലി വിദ്യാർഥികൾ" വീഡിയോ
പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുവെന്ന് ആരോപിച്ച് അധ്യാപകനെയും സ്കൂളിലെ രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർഥികൾ കെട്ടിയിട്ട് മർദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അധ്യാപകൻ…
പരീക്ഷയ്ക്ക് മനഃപൂർവം മാർക്ക് കുറച്ചുവെന്ന് ആരോപിച്ച് അധ്യാപകനെയും സ്കൂളിലെ രണ്ട് ക്ലർക്കുമാരെയും ഒൻപതാം ക്ലാസ് വിദ്യാർഥികൾ കെട്ടിയിട്ട് മർദിച്ചു. ജാർഖണ്ഡിലെ ധൂംകയിലാണ് സംഭവം. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അധ്യാപകൻ മാർക്ക് കുറച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. 32 വിദ്യാർഥികൾ ഉള്ള ക്ലാസിൽ 11 പേർക്ക് ഡി ഗ്രേഡ് കിട്ടിയതാണ് വിദ്യാർഥികളെ ചൊടിപ്പിച്ചത്. ഡി ഗ്രേഡ് തോറ്റതിനു തുല്യമാണ്. സ്കൂൾ മാനേജ്മെന്റ് പരാതി നൽകാൻ തയാറാകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അധ്യാപകനായ കുമാർ സുമൻ, ക്ലർക്ക് ലിപിക് സുനിറാം, അചിന്തോ കുമാർ മാലിക് എന്നിവരെയാണു വിദ്യാർഥികൾ മാവിൽ കെട്ടിയിട്ട് മർദ്ദിച്ചത്. മർദ്ദനത്തിൽ മൂന്നു പേർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
പരാതിപ്പെടാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും സ്കൂളിലെ വിദ്യാർഥികളുടെ ഭാവി നശിക്കുമെന്നായിരുന്നു മറുപടിയെന്നു പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോടു പ്രതികരിച്ചു.
#WatchVideo: Another #shocker from #Dumka: Students tie their #teachers to tree, severely #beaten for failing them#Jharkhand #Teachers #Viral #ViralVideo #ViralTwitter #Shocking #ShockingVideos #Exams pic.twitter.com/dUZku9nNcW
— Free Press Journal (@fpjindia) August 31, 2022
സ്കൂളിലെ ക്ലർക്കിനും മർദനമേറ്റു. ഇരുവരും പരാതി നൽകിയിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. 200ൽപരം വിദ്യാർഥികളാണ് സ്കൂളിലുള്ളത്. ഇവരിൽ ഭൂരിഭാഗവും അക്രമത്തിൽ പങ്കെടുത്തവരാണെന്നു പൊലീസ് പറയുന്നു. സ്കൂളിലെ പ്രധാന അധ്യാപകനായിരുന്നു മർദനത്തിനിരയായ കണക്ക് ടീച്ചർ. പിന്നീട് അകാരണമായി ഇയാളെ ആ സ്ഥാനത്തുനിന്നു മാറ്റിയിരുന്നു.
അധ്യാപകൻ മാർക്ക് നൽകുന്നതിൽ കാണിച്ച ഉദാസീനതയാണ് ഇത്രയധികം കുട്ടികൾ പരീക്ഷയിൽ തോൽക്കാൻ കാരണമെന്നാണ് വിദ്യാർഥികളുടെ വാദം. വിദ്യാർഥികൾ തോറ്റത് പ്രാക്ടിക്കൽ പരീക്ഷയ്ക്കാണോ അതോ തിയറി പേപ്പറിനാണോ എന്നു വ്യക്തമല്ലെന്നും മാർക്ക് ഷീറ്റുകൾ കാണിക്കാൻ സ്കൂൾ മാനേജ്മെന്റ് തയാറായില്ലെന്നും പൊലീസ് വെളിപ്പെടുത്തി.