കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു ; നഗരത്തിൽ ഗതാഗതക്കുരുക്ക്, റോഡിൽ ബോട്ടുകൾ

ബെംഗളൂരു ∙ കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ചയിൽ രണ്ടാം തവണയാണ് മഴക്കെടുതിയിൽ വലയുന്നത്. റോഡെല്ലാം പുഴ…

By :  Editor
Update: 2022-09-05 03:08 GMT

ബെംഗളൂരു ∙ കനത്ത മഴയിൽ വീണ്ടും വെള്ളക്കെട്ടിലായി ബെംഗളൂരു നഗരം. നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. കർണാടകയുടെ തലസ്ഥാനനഗരം ഈയാഴ്ചയിൽ രണ്ടാം തവണയാണ് മഴക്കെടുതിയിൽ വലയുന്നത്. റോഡെല്ലാം പുഴ പോലെയായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കി.

കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ പെരുമഴയിൽ അപ്പാർട്ട്‌മെന്റുകളുടെ താഴ്‍ഭാഗത്തും വീടുകളിലും വെള്ളക്കെട്ടായി. അടിയന്തരാവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുതെന്നും കുട്ടികളെ സ്കൂളിലേക്ക് വിടരുതെന്നും അധികൃതർ നിർദേശിച്ചു. ഇക്കോസ്പേസ് ഔട്ടർ റിങ് റോഡ്, ബെല്ലന്ദുർ, കെആർ മാർക്കറ്റ്, സിൽക്ക് ബോർഡ് ജംക്‌ഷൻ തുടങ്ങിയ മേഖലകളിലും സ്ഥിതി രൂക്ഷമാണ്. എച്ച്ബിആർ ലേഔട്ടിലെ വീടുകളിൽ വെള്ളം കയറിയതോടെ ഐടി മേഖലയും പ്രയാസത്തിലായി.

തുടർച്ചയായ മഴയിൽ ജനജീവിതം താറുമാറായ അവസ്ഥയാണ്.കഴിഞ്ഞ ദിവസം നടുറോഡിൽ നിന്നും പിടിച്ച സിങ്കാര മീനിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബെല്ലന്ദൂരിലെ എക്കോസ്പേസിനടുത്തുള്ള റോഡില്‍നിന്നാണ് മീൻ കിട്ടിയത്. ‘മീൻ പിടിക്കാൻ ഇനി കടലിൽ പോകേണ്ട, റോഡിലേക്ക് ഇറങ്ങിയാൽ മതി’യെന്നാണ് ചിലരുടെ കമന്റ്.

ഗോൾഡ്മാൻ സാക്സ്, സ്വിഗ്ഗി തുടങ്ങിയ കമ്പനികൾ ജീവനക്കാരോടു വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറാൻ നിർദേശിച്ചതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയും സമാന അവസ്ഥയിലായിരുന്നു ബെംഗളൂരൂ. മരങ്ങൾ കടപുഴകി വീണുംമറ്റും അപകടങ്ങളുമുണ്ടായി. മഴദുരിതം നൂറുകണക്കിനു കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന് ഐടി, ബാങ്ക് മേഖലയിലെ സ്ഥാപനങ്ങൾ സർക്കാരിനെ അറിയിച്ചു.

Similar News