ഗീതു മോഹൻദാസിന്റെ യഷ് ചിത്രത്തിനായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി കോംപൗണ്ടിലെ 599 ഏക്കർ പീനിയ പ്ലാന്റേഷനിൽനിന്ന് നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിനെതിരെയാണ് നടപടി.

Update: 2024-11-13 04:28 GMT

ബെംഗളൂരു: കന്നഡ നടൻ യഷ് നായകനായ സിനിമ ‘ടോക്സിക്കി’ന്റെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു മാറ്റിയെന്ന് ചൂണ്ടിക്കാട്ടി നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി കോംപൗണ്ടിലെ 599 ഏക്കർ പീനിയ പ്ലാന്റേഷനിൽനിന്ന് നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിനെതിരെയാണ് നടപടി. സിനിമയുടെ നിർമാതാക്കളായ കെവിഎൻ മാസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എച്ച്എംടി ജനറൽ മാനേജർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് കേസ്.

എച്ച്എംടിയുടെ അനുമതിയോടെയാണ് ചിത്രീകരണം. എന്നാൽ, സംരക്ഷിത വനഭൂമിയായ പീനിയ പ്ലാന്റേഷൻ പുനർവിജ്ഞാപനം നടത്താതെ പൊതുമേഖലാ സ്ഥാപനമായ എച്ച്എംടിക്കു കൈമാറിയതാണെന്നും അതിനാൽ മരങ്ങൾ വെട്ടിമാറ്റുന്നതു നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പിന്റെ നടപടി. കെജിഎഫ് 2 വിനു ശേഷം യഷ് നായകനാകുന്ന ‘ടോക്സിക്’ 2025 ഏപ്രിലിൽ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

Tags:    

Similar News