‘കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നു, യുപിയിലെ യുവാക്കൾ ജോലിക്കായി ഇസ്രയേലിലേക്ക് പോകുന്നു’ ; പ്രിയങ്കയെ പരിഹസിച്ച്‌ യോഗി ആദിത്യനാഥ്

ഇസ്രയേലിൽ മികച്ച വേതനവും സുരക്ഷയും ഉറപ്പു ലഭിക്കുന്നെന്നും യോഗി

Update: 2024-12-18 04:33 GMT

ലക്നൗ∙ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ പലസ്തീൻ ഐക്യദാർഢ്യത്തെ പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോൺഗ്രസ് നേതാക്കൾ പലസ്തീൻ ബാഗുമായി നടക്കുന്നെന്നും യുപിയിൽനിന്ന് യുവാക്കൾ ഇസ്രയേലിലേക്ക് ജോലിക്കായി പോകുന്നെന്നുമാണ് യോഗിയുടെ പരിഹാസം. ഇസ്രയേലിൽ മികച്ച വേതനവും സുരക്ഷയും ഉറപ്പു ലഭിക്കുന്നെന്നും യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പറഞ്ഞു.

Full View

‘കോൺഗ്രസ് നേതൃത്വം ദേശീയ കാര്യങ്ങളുടെ മുൻഗണനകളിൽനിന്നു വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഒരു കോൺഗ്രസ് എംപി പലസ്തീൻ ബാഗുമായി കറങ്ങുന്നു. കുറ്റകൃത്യങ്ങളോട് സർക്കാർ സ്വീകരിക്കുന്ന നയം കാരണം ഉത്തർപ്രദേശ് നിക്ഷേപകരുടെ കേന്ദ്രമായി ഉയർന്നിരിക്കുകയാണ്. സംസ്ഥാനം ഇപ്പോൾ കലാപരഹിതമാണ്. ഇതു നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു’’– യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്നലെയാണ് പ്രിയങ്ക ഗാന്ധി പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച്‌ പാര്‍ലമെന്റില്‍ എത്തിയത്. തോളില്‍ തൂക്കിയ ബാഗില്‍ പലസ്ത്രീന്‍ ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ മുറിച്ച തണ്ണിമത്തന്റെ ചിത്രവും പലസ്തീന്‍ എന്ന എഴുത്തും ഉണ്ടായിരുന്നു.

പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബി ജെ പി ഇന്നലെത്തന്നെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. ഇന്നലെ പലസ്തീന്‍ ബാഗണിഞ്ഞെത്തിയ പ്രിയങ്ക, ഇന്ന് പാര്‍ലമെന്റിലെത്തിയത് ബംഗ്ലാദേശ് എന്നെഴുതിയ ബാഗുമായാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം എന്നാണ് ബാഗില്‍ എഴുതിയിരിക്കുന്നത്.

ഉത്തർപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ രണ്ടാംദിവസം യോഗി ആദിത്യനാഥ് സർക്കാർ 2024-25 വർഷത്തേക്കുള്ള സപ്ലിമെന്ററി ബജറ്റ് അവതരിപ്പിച്ചു. 790 കോടി രൂപയുടെ അധികച്ചെലവിനുള്ള നിർദേശം സംസ്ഥാന ധനമന്ത്രി സുരേഷ് ഖന്ന അവതരിപ്പിച്ചു.

 

Tags:    

Similar News