'നൂറ് ശതമാനം തീരുവ ചുമത്തിയാൽ യുഎസും അതുതന്നെ ചെയ്യും'; ഇന്ത്യയ്ക്ക് ട്രംപിന്റെ മുന്നറിയിപ്പ്
മറ്റു രാജ്യങ്ങൾ യു.എസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു
ന്യൂയോർക്ക്: അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കുന്ന ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചും നികുതി ചുമത്തുകയാണ് തന്റെ പദ്ധതിയെന്ന് വ്യക്തമാക്കി നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മറ്റു രാജ്യങ്ങൾ യു.എസ് ഉത്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
'മറ്റുരാജ്യങ്ങൾ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ അതേ തുക തിരിച്ചും നികുതി ഈടാക്കും. എല്ലായിപ്പോഴും അവർ ഞങ്ങൾക്ക് അധിക നികുതി ചുമത്തുകയാണ്. ഞങ്ങൾ തിരിച്ച് അങ്ങനെ ചെയ്യാറില്ല', ട്രംപിനെ ഉദ്ദരിച്ച് ന്യൂസ് ഏജൻസിയായ പി.ടി.ഐ റിപ്പോർട്ടു ചെയ്തു. ചൈനയുമായുള്ള വ്യാപാര കരാർ സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ചില യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യയും ബ്രസീലും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഉയർന്ന നികുതി ചുമത്തുന്നതായി അദ്ദേഹം ആരോപിച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ നൂറ് ശതമാനം നികുതി ഈടാക്കിയാൽ തിരിച്ചും അതുതന്നെ ചെയ്യുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.