യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ സെമി : ജാബ്യുര്‍ - ഗാര്‍സിയ പോരാട്ടം
വാഷിങ്‌ടണ്‍: യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കന്നിക്കാര്‍ തമ്മില്‍ സെമി പോരാട്ടം. വിംബിള്‍ഡണ്‍ ഫൈനലിസ്‌റ്റ് ടുണീഷ്യയുടെ ഓന്‍സ് ജാബ്യുറും ഫ്രഞ്ച് താരം കരോലിന്‍ ഗാര്‍സിയയും സെമിയില്‍…
;വാഷിങ്‌ടണ്‍: യു.എസ്. ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സില്‍ കന്നിക്കാര്‍ തമ്മില്‍ സെമി പോരാട്ടം. വിംബിള്‍ഡണ്‍ ഫൈനലിസ്‌റ്റ് ടുണീഷ്യയുടെ ഓന്‍സ് ജാബ്യുറും ഫ്രഞ്ച് താരം കരോലിന്‍ ഗാര്‍സിയയും സെമിയില്‍ കൊമ്പുകോര്‍ക്കും.
ഓസ്‌ട്രേലിയയുടെ അജ്‌ല ടോംലിയാനോവിച്ചിനെ കീഴ്‌പ്പെടുത്തിയാണ് ഓന്‍സ് ജാബ്യുര്‍ സെമിയില്‍ കടന്നത്. ഇതോടെ യു.എസ്. ഓപ്പണ്‍ സെമിയിലെത്തുന്ന ആദ്യ അറബ്, ആഫ്രിക്കന്‍ വനിതാതാരമായി ജാബ്യുര്‍ മാറി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അഞ്ചാം സീഡ് ജാബ്യുറിന്റെ ജയം. സ്‌കോര്‍: 6-4, 7-6.
ആദ്യ സെറ്റ് കാര്യമായ വെല്ലുവിളികളില്ലാതെ ടുണീഷ്യന്‍ താരം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പക്ഷേ, കഥമാറി. മികച്ച പോരാട്ടവീര്യം പുറത്തെടുത്ത അജ്‌ലയ്‌ക്കു മുന്നില്‍ സ്വയം വരുത്തിയ പിഴവുകളിലൂടെ ജാബ്യുര്‍ സെറ്റ് അടിയറവയ്‌ക്കുമെന്ന നിലവരെയെത്തി. സമ്മര്‍ദം താങ്ങാനാകാതെ റാക്കറ്റ് വലിച്ചെറിഞ്ഞ് അവര്‍ രോഷപ്രകടനം നടത്തി. ഒരുഘട്ടത്തില്‍ 5-3 നു സെറ്റിനായി സര്‍വ് ചെയ്‌ത അജ്‌ലയെ പിടിച്ചുകെട്ടാന്‍ ജാബ്യുറിനായതു വഴിത്തിരിവായി. പിന്നീട് തുടരെ ഗെയിമുകള്‍ സ്വന്തമാക്കി ടൈബ്രേക്കറിലേക്കു മത്സരം നീട്ടിയ ജാബ്യുര്‍ സെറ്റും മാച്ചും സെമി ബര്‍ത്തും ഉറപ്പിച്ചു.
അമേരിക്കന്‍ യുവതാരം കോകോ ഗൗഫിനെ കീഴടക്കിയാണ് ഫ്രഞ്ച്‌താരം കരോലിന്‍ ഗാര്‍സിയ അവസാന നാലിലെത്തിയത്. കാണികളുടെ നിറഞ്ഞ പിന്തുണയോടെ കളിച്ച ഗൗഫിനെതിരേ മികച്ച കളി കെട്ടഴിച്ചാണ് 17-ാം സീഡായ ഗാര്‍സിയ ആദ്യ ഗ്രാന്‍സ്ലാം സെമിയില്‍ കടന്നത്. സ്‌കോര്‍: 6-3, 6-4.
തുടര്‍ച്ചയായ 13-ാം ജയത്തോടെയാണ് ഗാര്‍സിയയുടെ പടയോട്ടം. ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ ഒരുവട്ടം സ്വന്തം സര്‍വീസ് ഗാര്‍സിയ എതിരാളിക്ക് അടിയറവച്ചു. മൂന്നുവട്ടം ഗോഫിന്റെ സര്‍വീസ് ബ്രേക്ക് ചെയ്യാനായത് ഗാര്‍സിയയുടെ ആധിപത്യത്തിനു തെളിവായി.