സന്തോഷ് ട്രോഫിയില്‍ ഇന്ന് സെമി ആവേശം; കേരളത്തിന്റെ എതിരാളികള്‍ മണിപ്പുര്‍; മത്സരം എങ്ങനെ കാണാം ?
By : Evening Kerala
Update: 2024-12-29 07:32 GMT
ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ ഒരിക്കല്‍ കൂടി കേരളത്തിന്റെ മുത്തം പതിയാന്‍ ഇനി കടക്കേണ്ടത് രണ്ട് വിജയങ്ങളുടെ ദൂരം മാത്രം. ഹൈദരാബാദില്‍ നടക്കുന്ന സെമി പോരാട്ടത്തില്‍ കേരളം മണിപ്പുരിനെ നേരിടും.
വൈകിട്ട് ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ 7.30നാണ് മത്സരം. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ആദ്യ സെമിയില്‍ സര്‍വീസസാണ് പശ്ചിമ ബംഗാളിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി പോലും അറിയാതെയാണ് കേരളവും മണിപ്പുരും സെമിയിലെത്തിയത്. കരുത്തരായ രണ്ട് ടീമുകളുടെ പോരാട്ടം ആവേശകരമാകുമെന്ന് തീര്‍ച്ച. വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ജമ്മു കശ്മീരിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം സെമിയിലെത്തിയത്. SSEN ആപ്പിലും, ഡിഡി സ്‌പോര്‍ട്‌സിലും സെമി ഫൈനല്‍ പോരാട്ടങ്ങള്‍ കാണാം.