പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരത്ത് തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു
പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്;
കൊല്ലം: പാമ്പുകടിയേറ്റ് മരിച്ചയാളുടെ വീടിന്റെ പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെ പാമ്പുപിടിത്തക്കാരനും പാമ്പുകടിയേറ്റു മരിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പാമ്പുപിടിത്തക്കാരൻ ഏരൂർ സൗമ്യ ഭവനിൽ സജു രാജൻ (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ ഏരൂർ തെക്കേവയൽ കോളനിക്കു സമീപത്തായിരുന്നു പാമ്പുകടിയേറ്റത്.
കഴിഞ്ഞ 24ന് ഇവിടെ മൂർഖൻ പാമ്പിന്റെ കടിയേറ്റ് പ്രദേശവാസി രാമചന്ദ്രൻ (65) മരിച്ചിരുന്നു. തുടർന്ന് പരിസരം വൃത്തിയാക്കി തിരച്ചിൽ നടത്തുന്നതിനിടെയാണു സജുവിനെ പാമ്പ് കടിച്ചത്. മൂർഖനെ സജു പിടികൂടിയെങ്കിലും അബദ്ധത്തിൽ കടിയേൽക്കുകയായിരുന്നു. കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആരോഗ്യനില വഷളായി. ചൊവ്വാഴ്ച രാവിലെയാണു മരിച്ചത്. ഭാര്യ: മാളു. മക്കൾ: കതിര, രുദ്ര.