അന്തരിച്ച എലിസബത്ത് രാജ്ഞിക്കായി ഉംറ സമര്‍പ്പിക്കാന്‍ മക്കയിലെത്തിയയാള്‍ അറസ്റ്റില്‍
മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്കായി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ ആള്‍ അറസ്റ്റില്‍. യെമനി പൗരനാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. താന്‍ ഉംറ നിര്‍വഹിക്കാന്‍…
മക്ക: അന്തരിച്ച എലിസബത്ത് രാജ്ഞിക്കായി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ മക്കയില്‍ എത്തിയ ആള്‍ അറസ്റ്റില്‍. യെമനി പൗരനാണ് അറസ്റ്റിലായതെന്ന് സൗദി അധികൃതര്‍ അറിയിച്ചു. താന്‍ ഉംറ നിര്‍വഹിക്കാന്‍ എത്തിയതാണെന്നും അന്തരിച്ച എലിസബത്ത് രാജ്ഞിക്കായാണ് തന്റെ കര്‍മമെന്നും വ്യക്തമാക്കിയുള്ള വീഡിയോ ഇയാള്‍ പങ്കുവെച്ചിരുന്നു. വീഡിയോ സൗദിയില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് സൗദി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
മരണപ്പെട്ട മുസ്ലീങ്ങള്‍ക്ക് വേണ്ടി ഉംറ നിര്‍വഹിക്കുന്നത് സ്വീകാര്യമാണെങ്കിലും ഇതര മതസ്ഥര്‍ക്കായി അത് ചെയ്യാന്‍ പാടില്ല. ബാനറുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തി മക്കയിലേക്ക് വരുന്നതിന് സൗദി ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലംഘിച്ചായിരുന്നു ഇയാളുടെ രംഗപ്രവേശം.
തിങ്കളാഴ്ച്ചയാണ് മക്കയിലെ മസ്ജിദുല്‍ ഹറമില്‍ എത്തി ഇയാള്‍ വീഡിയോ ചെയ്തത്. 'അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ആത്മാവിനു വേണ്ടിയുള്ള ഉംറ. സത്യവിശ്വാസികള്‍ക്കൊപ്പം അവരെയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു' എന്നെഴുതിയ ബാനര്‍ പിടിച്ചു കൊണ്ടായിരുന്നു ഇയാള്‍ എത്തിയത്.ഉംറയുടെ എല്ലാവിധ നിര്‍ദേശങ്ങളും ചട്ടങ്ങളും ലംഘിച്ച് എത്തിയ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തതായി സൗദി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
അറസ്റ്റ് ചെയ്ത ഇയാളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായും പ്രസ്താവനയിലുണ്ട്. അതേസമയം ബാനറിലെ വാചകങ്ങള്‍ അവ്യക്തമാക്കിയാണ് വിവാദ വീഡിയോ ക്ലിപ്പ് ഉള്‍പ്പെട്ട സംഭവം മാധ്യമങ്ങള്‍ സംപ്രേഷണം ചെയതത്.