കാനഡയിൽ ഇന്ത്യക്കാർ സുരക്ഷിതരല്ല’; ക്ഷേത്ര ആക്രമണത്തിന് പിന്നാലെ ആശങ്ക അറിയിച്ച് ഇന്ത്യ
കാനഡയിലെ ബ്രാംപ്ടണിൽ നടന്ന ഹിന്ദു ക്ഷേത്ര ആക്രമണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. രാജ്യത്ത് ജീവിക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ചാണ് കേന്ദ്ര സർക്കാർ കനേഡിയൻ സർക്കാരിനെ ആശങ്ക അറിയിച്ചിരിക്കുന്നത്. ഇത്തരം അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയാണ് കേന്ദ്ര സർക്കാരിനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്രവാദികളും വിഘടനവാദികളും നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ അപലപിക്കുന്നു. എല്ലാ ആരാധാനാലയങ്ങൾക്കും സുരക്ഷ ഉറപ്പക്കാനും ഇന്ത്യ ആവശ്യപ്പെട്ടു. ആക്രമണത്തിൽ പ്രതിക്ഷേധിച്ചവരും കനേഡിയൻ പോലീസുമായുള്ള സംഘർഷത്തിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.ദീപാവലി ദിവസം ഖലിസ്ഥാൻ വിഘടനവാദികൾ നടത്തി ആക്രമണത്തിനെതിരെ രൂക്ഷ വിമർശനമാണ് കാനഡയിൽ ഉയരുന്നത്.
അക്രമികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പോലീസ് പ്രതിഷധം നടത്തിയ ഹിന്ദുക്കളായ വിശ്വാസികൾക്കെതിരെ തിരിയുകയാണെന്ന് കനേഡിയൻ മാധ്യമപ്രവർത്തകൻ ഡാനിയൽ ബോഡ്മാൻ കുറ്റപ്പെടുത്തി. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ക്ഷേത്രത്തിൽ അക്രമം നടത്തിയവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ ഉറപ്പാക്കണമെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ആവശ്യപ്പെട്ടു. മതസ്വാതന്ത്ര്യം കാനഡയിൽ അടിസ്ഥാന മൂല്യമാണ്. എല്ലാ പൗരൻമാരും അവരുടെ ആരാധനാലയങ്ങളിൽ സുരക്ഷിതരാണെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി കനേഡിയൻ എംപിമാരും ആക്രമണത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.