വാനരശല്യം തടയാൻ പൊലീസ് സ്റ്റേഷനിൽ പാറാവിന് 'പാമ്പ്' !
Idukki: കേരള-തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെത്തിയാൽ മരത്തിൽ ചുറ്റിപ്പിണഞ്ഞ് തുറിച്ചുനോക്കുന്ന ഉഗ്രൻ 'വിഷപ്പാമ്പുകളെ' കാണാം , അവയെ കണ്ടാൽ ആരും ഒന്ന് നടുങ്ങും. എന്നാൽ, അവ…
Idukki: കേരള-തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെത്തിയാൽ മരത്തിൽ ചുറ്റിപ്പിണഞ്ഞ് തുറിച്ചുനോക്കുന്ന ഉഗ്രൻ 'വിഷപ്പാമ്പുകളെ' കാണാം , അവയെ കണ്ടാൽ ആരും ഒന്ന് നടുങ്ങും. എന്നാൽ, അവ യഥാർഥ പാമ്പുകളല്ല. വാനരന്മാരെ തുരത്താൻ പൊലീസിന്റെ സൂത്രപ്പണിയാണ്. കുരങ്ങന്മാരുടെ ശല്യം തടയാൻ ചൈനീസ് റബർ പാമ്പുകളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വിജയം കണ്ടതിന്റെ ആശ്വാസത്തിലാണ് കമ്പംമെട്ട് പൊലീസ്.
സമീപത്തെ വനമേഖലയിൽനിന്ന് എത്തുന്ന വാനരക്കൂട്ടം പരിസരവാസികൾക്കുണ്ടാക്കുന്ന ഉപദ്രവം ചില്ലറയല്ല. വീടുകളിലുമെത്തി ആഹാര സാധനങ്ങളും വസ്ത്രങ്ങളും വരെ കവർന്നെടുക്കും.
കുരങ്ങന്മാരുടെ ശല്യം പൊലീസ് സ്റ്റേഷനിലേക്കും വ്യാപിച്ചതോടെയാണ് സുരക്ഷക്കായി പൊലീസ് ചൈനീസ് റബർ പാമ്പുകളെ രംഗത്തിറക്കിയത്. സ്റ്റേഷനിലും പരിസരത്തെ മരങ്ങളിലും പാമ്പുകളെ കണ്ടതോടെ വാനരക്കൂട്ടം പിന്മാറി. ശല്യം കുറഞ്ഞിട്ടുണ്ടെന്ന് എസ്.ഐ പി.കെ. ലാൽഭായ് പറയുന്നു.
ഉടുമ്പൻചോലയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ കുരങ്ങന്മാരുടെ ശല്യം കൂടിയതോടെ ചൈനീസ് പാമ്പുകളെ കാവൽക്കാരാക്കി നടത്തിയ പരീക്ഷണം വിജയിച്ചതാണ് ഈ വഴിക്ക് ചിന്തിക്കാൻ പൊലീസിനെ പ്രേരിപ്പിച്ചത്. തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് ചൈനീസ് പാമ്പുകൾ കുരങ്ങിനെ തുരത്തുമെന്ന് തെളിയിച്ചത്.
ഏലം കൃഷി നശിപ്പിക്കാൻ കൂട്ടത്തോടെ എത്തുന്ന കുരങ്ങന്മാർ ഒരിക്കൽ തോട്ടത്തില്‍ ചത്തുകിടന്ന പാമ്പിനെ കണ്ട് പിന്തിരിഞ്ഞോടുന്നത് ബിജുവിന്റെ ശ്രദ്ധയിൽപെട്ടു. അങ്ങനെ വിപണിയിൽ കിട്ടുന്ന വിലകുറഞ്ഞ ചൈനീസ് റബർ പാമ്പുകളെ വാങ്ങി കുരങ്ങ് വരുന്ന വഴികളിൽ കെട്ടിവെച്ചതോടെ രണ്ട് വർഷമായി ഇവയുടെ ശല്യമില്ലെന്ന് ബിജു പറയുന്നു. ഇത്തരം 200ഓളം പാമ്പുകളാണ് ഇപ്പോൾ തോട്ടത്തിന്റെ യഥാർഥ കാവൽക്കാർ. ചൂണ്ടനൂൽ കൊണ്ട് മരത്തിലും ഏലച്ചെടികളിലും കെട്ടിയ പാമ്പുകൾ ചെറിയ കാറ്റില്‍ പോലും ചലിക്കുന്നതിനാല് കാണുന്ന ആരും ഒന്ന് ഭയക്കും. തോട്ടത്തില്‍ ജോലിക്കെത്തിയ അന്തർസംസ്ഥാന തൊഴിലാളികള്‍ 'പാമ്പി'നെ അടിച്ചു'കൊന്ന' സംഭവവുമുണ്ട്.