നടന്‍ നസ്‌ലെന്റെ പേരില്‍ മോദിക്കെതിരെ കമൻറ്: യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ്
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട്…
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടെന്ന നടന്‍ നസ്‌ലെന്റെ പരാതിയില്‍ നിര്‍ണായക വഴിത്തിരിവ്. കമന്റിട്ടത് യുഎഇയില്‍ നിന്നുള്ള അക്കൗണ്ട് വഴിയെന്ന് പൊലീസ് കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
വ്യാജനെതിരെ നസ്‌ലെന്‍ കാക്കനാട് സൈബര്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിവസം ചീറ്റകളെ തുറന്നുവിട്ടെന്ന വാര്‍ത്തയുടെ താഴെയാണ് നസ്‌ലെന്റേതെന്ന പേരില്‍ വ്യാജ കമന്‍റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിര്‍മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്‌ലെന്‍ വ്യക്തമാക്കിയിരുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കിയതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നസ്‌ലെന്‍ അറിയിച്ചത്. സുഹൃത്തുക്കള്‍ സ്‌ക്രീന്‍ഷോട്ട് അയച്ച് നല്‍കിയപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്നു നസ്‌ലെന്‍ വിഡിയോയിൽ വ്യക്തമാക്കി. ആരോ ഒരാള്‍ ചെയ്ത കാര്യത്തിനാണ് പഴി കേള്‍ക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ദുഃഖം അതിഭീകരമാണെന്നും നസ്‌ലെന്‍ പറഞ്ഞു.