10 യൂട്യൂബ് ചാനലുകളിലെ 45 വിഡിയൊകൾ കേന്ദ്രം നിരോധിച്ചു
ന്യൂഡൽഹി: രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 10 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള 45 വിഡിയൊകൾ നിരോധിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിർദേശം നൽകി. 2021ലെ…
ന്യൂഡൽഹി: രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 10 യൂട്യൂബ് ചാനലുകളിൽ നിന്നുള്ള 45 വിഡിയൊകൾ നിരോധിക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിർദേശം നൽകി. 2021ലെ ഐടി ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണിത്. ബ്ലോക്ക് ചെയ്ത വിഡിയൊകൾ 1.3 കോടിയിലധികം തവണയാണ് ആളുകൾ കണ്ടിട്ടുള്ളത്.
മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാർത്തകളും മോർഫ് ചെയ്ത വിഡിയൊകളും ഉൾപ്പെടുന്നതാണ് ഇവയുടെ ഉള്ളടക്കം. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങൾ സർക്കാർ എടുത്തുകളയുമെന്ന തെറ്റായ അവകാശവാദങ്ങൾ, മതസമൂഹങ്ങൾക്കെതിരായ അക്രമാസക്തമായ ഭീഷണികൾ, രാജ്യത്ത് ആഭ്യന്തര യുദ്ധപ്രഖ്യാപനം തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
അഗ്നിപഥ് പദ്ധതി, ഇന്ത്യൻ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീർ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വിഡിയൊകൾ ഉപയോഗിച്ചിട്ടുണ്ട്. ഉള്ളടക്കം തെറ്റായതും ദേശസുരക്ഷാ വീക്ഷണകോണിൽ വളരെ പ്രധാനപ്പെട്ടതും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ളതുമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിനെയും ലഡാഖിനെയും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിക്കുന്ന ഭൂപടം ഉപയോഗിച്ചവയാണ് ചില വിഡിയൊകൾ. മന്ത്രാലയം നിരോധിച്ച വിഡിയൊകളുടെ ഉള്ളടക്കം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തിനും രാജ്യത്തെ പൊതുക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി. 2000ലെ ഐടി നിയമത്തിന്റെ സെക്ഷൻ 69 എയുടെ പരിധിയിൽ ഉൾപ്പെടുത്തിയാണ് ഇവയെല്ലാം നിരോധിച്ചത്.
centre-banned-10-youtube-channels