നബി ദിനാഘോഷ പരിശീലനത്തിന് പോയ സഹോദരങ്ങളുടെ കൈയ്യും വാരിയെല്ലും പിതാവ് അടിച്ചുപൊട്ടിച്ചു

കൂറ്റനാട്: ചാലിശ്ശേരി മുക്കൂട്ടയില്‍ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പിതാവിന്റെ ക്രൂര മര്‍ദനം. പട്ടികകൊണ്ടും വടികൊണ്ടുമുള്ള മര്‍ദനത്തില്‍ രണ്ടുകുട്ടികള്‍ക്കും ഗുരുതര പരിക്കുണ്ട്. ഒരാളുടെ ഇടതുകൈയിന്റെ എല്ലുകള്‍ തകര്‍ന്നു. ഇളയസഹോദരന്റെ വാരിയെല്ലിനാണ്…

By :  Editor
Update: 2022-09-29 22:24 GMT

കൂറ്റനാട്: ചാലിശ്ശേരി മുക്കൂട്ടയില്‍ സഹോദരങ്ങളായ വിദ്യാര്‍ഥികള്‍ക്ക് പിതാവിന്റെ ക്രൂര മര്‍ദനം. പട്ടികകൊണ്ടും വടികൊണ്ടുമുള്ള മര്‍ദനത്തില്‍ രണ്ടുകുട്ടികള്‍ക്കും ഗുരുതര പരിക്കുണ്ട്. ഒരാളുടെ ഇടതുകൈയിന്റെ എല്ലുകള്‍ തകര്‍ന്നു. ഇളയസഹോദരന്റെ വാരിയെല്ലിനാണ് പൊട്ടലുള്ളത്. കുട്ടികളുടെ ഉപ്പ അന്‍സാര്‍ ഒളിവിലാണ്.

വ്യാഴാഴ്ച കുട്ടികള്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഡോക്ടര്‍മാര്‍ ചാലിശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിവരമറിയിക്കയായിരുന്നു. മടത്തില്‍ഞാലില്‍ വീട്ടില്‍ അന്‍സില്‍ (16), അല്‍ത്താഫ് (14) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ചരാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. നബിദിന ഒരുക്കങ്ങളുടെഭാഗമായി പള്ളിയില്‍ കലാപരിശീലനത്തിനായി പോയതായിരുന്നു കുട്ടികള്‍. മടങ്ങാന്‍ വൈകിയെന്നാരോപിച്ചാണ് മര്‍ദനം തുടങ്ങിയത്. വഴിയില്‍വെച്ചും വീട്ടിലെത്തിയും മര്‍ദിച്ചു. വീട്ടിലെത്തിയശേഷം പട്ടികകൊണ്ടും കുട്ടികളെ മര്‍ദിച്ചു. തലയ്ക്കുള്ള അടി കൈകൊണ്ട് തടുത്തതിനാലാണ് അന്‍സിലിന്റെ കൈയിന്റെ എല്ലുകള്‍ പൊട്ടിയത്. കനമുള്ള വടികൊണ്ട് അടിച്ചതിനാലാണ് അല്‍ത്താഫിന്റെ വാരിയെല്ല് തകര്‍ന്നത്.

അവശരായ കുട്ടികളെ കുന്നംകുളം ഗവ. ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയരാക്കിയശേഷം വിദഗ്ധ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചാലിശ്ശേരി പോലീസ് കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയശേഷം പിതാവിനെതിരേ കേസെടുത്തു. അന്‍സില്‍ കോക്കൂര്‍ സ്‌കൂളില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയും അല്‍ത്താഫ് ചാലിശ്ശേരി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയുമാണ്.

Tags:    

Similar News