ഗവര്‍ണര്‍ നല്‍കിയ സമയം 11.30 വരെ; 10.30ന് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുവദിച്ച…
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുവദിച്ച സമയം ഇന്ന് രാവിലെ 11.30 ഓടെ അവസാനിക്കും. ഇതിനിടെ, വിഷയത്തില്‍ സർക്കാർ നിലപാട് വ്യക്തമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 10.30-ന് മാധ്യമങ്ങളെ കാണും.
നിലവില്‍ ഇതുവരെ വി.സി.മാർ ആരും രാജിസന്നദ്ധത അറിയിച്ചിട്ടില്ല. വി.സിമാർ രാജിവെക്കേണ്ടതില്ലെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ 11.30ന് ശേഷം ഗവര്‍ണറുടെ തീരുമാനം എന്തായിരിക്കുമെന്നതില്‍ ആകാംഷ നിലനില്‍ക്കുകയാണ്. വി.സി.മാരെ പുറത്താക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ, സുപ്രീംകോടതി ഉത്തരവ് വ്യാഖ്യാനിച്ച് പുറത്താക്കല്‍ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങുമെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ പറയുന്നത്.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ മാധ്യമങ്ങളെ കാണുന്നത്. വി.സിമാരുടെ പുറത്താക്കല്‍ നടപടികളിലേക്ക് 11.30ന് ശേഷം ഗവര്‍ണര്‍ കടക്കാനിരിക്കെയാണ് മുഖ്യമന്ത്രി അതിന് തൊട്ടുമുമ്പായി വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഗവര്‍ണര്‍ക്കുള്ള മറുപടി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയേക്കും. ഒപ്പം തന്നെ സര്‍ക്കാര്‍ നിലപാടും മുഖ്യമന്ത്രി വിശദീകരിക്കും. സംസ്ഥാനത്തെ പോലീസിനെതിരെ ഉയരുന്ന തുടര്‍ച്ചയായ ആരോപണങ്ങളിലും മുഖ്യമന്ത്രിക്ക് മുന്നില്‍ ചോദ്യങ്ങളുയരും.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരസ്യ പ്രക്ഷോഭങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വി.സി.മാര്‍ക്ക് രാജിവെക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ നല്‍കിയത്.ഇതിനിടെ വൈസ് ചാന്‍സലര്‍മാര്‍ അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. ഗവര്‍ണറുടെ നിര്‍ദേശം പാലിക്കാതിരിക്കുന്നത് സംബന്ധിച്ചും തുടര്‍ നിയമനടപടികള്‍ സംബന്ധിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്.
അതേസമയം, വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന ഗവര്‍ണറുടെ നിലപാടില്‍ നിയമവൃത്തങ്ങള്‍ക്ക് ഭിന്നാഭിപ്രായമാണുള്ളത്. അസാധാരണമായ സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരമൊരു കേസ് രാജ്യത്തെ ഭരണഘടനാകോടതികള്‍ക്കുമുമ്പില്‍ എത്തിയിട്ടില്ല. വൈസ് ചാന്‍സലറെ നിയമിക്കുന്ന കാര്യത്തില്‍ ഗവര്‍ണര്‍ക്കാണ് പൂര്‍ണാധികാരെമന്ന് സുപ്രീംകോടതി സാങ്കേതികസര്‍വകലാശാലാ വൈസ് ചാന്‍സലറെ നീക്കിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കിയതിനാല്‍ ഗവര്‍ണറുടെ നിര്‍ദേശത്തിന് നിയമപരമായ സാധുതയുണ്ടെന്നാണ് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം അഭിപ്രായപ്പെട്ടത്. വൈസ് ചാന്‍സലര്‍ പദവിയിലേക്ക് പരിഗണിക്കാന്‍ കുറഞ്ഞത് മൂന്നുപേരുകള്‍ ഉള്‍പ്പെട്ട പട്ടികയാണ് ഗവര്‍ണര്‍ക്ക് നല്‍കേണ്ടതെന്നാണ് യു.ജി.സി. ചട്ടത്തില്‍ പറയുന്നത്. ഇങ്ങനെ നല്‍കുന്ന പട്ടികയില്‍നിന്ന് ഗവര്‍ണറാണ് ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കേണ്ടത്. ഇതിനുവിരുദ്ധമായി ഒരാളുടെ പേരുമാത്രം നിര്‍ദേശിക്കുമ്പോള്‍ സേര്‍ച്ച് കമ്മിറ്റി നിയമനാധികാരിയായി മാറുന്ന അസാധാരണ സാഹചര്യമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു.
ഭരണഘടന ഗവര്‍ണര്‍ക്കുനല്‍കുന്ന വിവേചനാധികാരത്തിലൊന്ന് ചാന്‍സലര്‍ എന്നനിലയില്‍ സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നതാണ്. ചാന്‍സലറെന്നനിലയില്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണെന്ന് എവിടെയും പറയുന്നില്ല. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം ഉറപ്പാക്കാനാണ് ഇത്തരമൊരു വ്യവസ്ഥ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ തെറ്റില്ലെന്നാണ് മുന്‍ പ്രോസിക്യുഷന്‍ ഡയറക്ടര്‍ ജനറലായിരുന്ന അഡ്വ. ടി. ആസഫ് അലി അഭിപ്രായപ്പെട്ടത്.
എന്നാല്‍, വൈസ് ചാന്‍സലര്‍മാരോടെല്ലാം രാജിവെക്കാന്‍ പറയാന്‍ ഗവര്‍ണര്‍ക്ക് ഒരധികാരവുമില്ലെന്ന് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ രഞ്ജിത്ത് തമ്പാന്‍ അഭിപ്രായപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി നിയമിച്ചയാളോട് പിന്നീടുണ്ടായ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി രാജിവെക്കാന്‍ രാഷ്ട്രപതിക്ക് ആവശ്യപ്പെടാനാകുമോയെന്നും അദ്ദേഹം ചോദിക്കുന്നു.