കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ജയം
ഗുവാഹാത്തി: നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ വിജയ വഴിയില്‍ തിരിച്ചെത്തി. ഇന്ദിരാഗാന്ധി…
ഗുവാഹാത്തി: നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കു തോല്‍പ്പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ഒന്‍പതാം സീസണില്‍ വിജയ വഴിയില്‍ തിരിച്ചെത്തി.
ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനു മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് ഇരട്ട ഗോളുകളടിച്ചു. ഗ്രീക്ക് താരം ദിമിത്രിയോസ് ദിയാമാന്‍റ്റാകോസ് ഒരു ഗോളുമടിച്ചു. അഞ്ച് കളികളില്‍നിന്ന് ആറ് പോയിന്റ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്‌ഥാനത്തേക്കുയര്‍ന്നു. അഞ്ചു മത്സരങ്ങളും തോറ്റ നോര്‍ത്ത് ഈസ്‌റ്റ് അവസാന സ്‌ഥാനത്തു തുടര്‍ന്നു. മൂന്ന് മത്സരങ്ങള്‍ക്കു ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയ വഴിയിലെത്തുന്നത്. നോര്‍ത്ത് ഈസ്‌റ്റിനെതിരേ ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകുമാനോവിച്ച് സ്‌റ്റാര്‍ട്ടിങ് ഇലവനില്‍ ഒന്നിലധികം മാറ്റങ്ങള്‍ വരുത്തി. അഡ്രിയാന്‍ ലൂണയും ദിമിത്രിയോസും മുന്നില്‍നിന്ന 4-4-2 ഫോര്‍മേഷനാണു വുകുമാനോവിച്ച് ഇറക്കിയത്. നോര്‍ത്ത് ഈസ്‌റ്റ് കോച്ച് മാര്‍കോ ബാല്‍ബുല്‍ 5-3-2 ഫോര്‍മേഷനും പരീക്ഷിച്ചു.
57-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ വീണത്. കെ.പി. രാഹുല്‍ പെനാല്‍റ്റി ബോക്‌സിന് മുന്നില്‍ വെച്ച് സൗരവിന് നല്‍കിയ പന്ത് ഗോള്‍ മുഖത്തേക്ക് തിരിച്ച് വിട്ടു. ഒരു ഡൈവിങ് ഫിനിഷിലൂടെ ദിമിത്രിയോസ് ഗോളാക്കി. ഗോളിനു ശേഷം പരുക്കേറ്റ ദിമിത്രിയോസ് കളംവിട്ടു. പിന്നാലെ സഹലും കളത്തിലെത്തി. 85-ം മിനുട്ടില്‍ സഹലിലൂടെ ബ്ലാസേ്‌റ്റഴ്‌സ് ലീഡ് ഇരട്ടിയാക്കി. വലതു വിങ്ങിലൂടെ വന്ന രാഹുല്‍ നല്‍കിയ പാസ് സ്വീകരിച്ചായിരുന്നു സഹലിന്റെ ഫിനിഷ്. താരത്തിന്റെ സീസണിലെ ആദ്യ ഗോളാണിത്. പിന്നാലെ പൂട്ടിയയെയും മോംഗിലിനെയും ഇറക്കി. കളിയുടെ അവസാന നിമിഷം സഹല്‍ രണ്ടാം ഗോളടിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സ് ജയം ഉറപ്പിച്ചു. ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് നിലവിലെ ചാമ്പ്യന്‍ ഹൈദരാബാദ് എഫ്.സി. മുന്നേറ്റം തുടര്‍ന്നു. സ്വന്തം തട്ടകമായ ജി.എം.സി. ബാലയോഗി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദ് യാസിറാണു ഹൈദരാബാദിനു വേണ്ടി ഗോളടിച്ചത്. 13 പോയിന്റ് നേടിയ ഹൈദരാബാദ് ഒന്നാമതാണ്.