ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിൽ
തിരുവനന്തപുരം:സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസ്…
തിരുവനന്തപുരം:സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. ഇന്നു രാവിലെയാണ് മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസ് ആയതിനാൽ രാഷ്ട്രപതിയുടെ ശുപാർശയ്ക്ക് അയയ്ക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നതുവരെ ബിൽ അവതരിപ്പിക്കാനാകില്ല.
ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ അതിനു പകരമുള്ള ബിൽ നിയമസഭയിൽ കൊണ്ടുവരാൻ സാധിക്കില്ലെന്നു ചട്ടമുണ്ട്. അതിനാൽ നിയമനിർമാണം അനിശ്ചിതമായി നീണ്ടേക്കും. ഇന്നു രാവിലെ തിരുവല്ലയിലേക്കു പോയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകിട്ടു ഡൽഹിക്കു തിരിക്കും. 20നു മാത്രമേ മടങ്ങിയെത്തുകയുള്ളൂ. കേരളത്തിനു പുറത്താണെങ്കിലും നിയമസഭ വിളിച്ചു ചേർക്കുന്നതിനു മുൻപ് രാജ്ഭവനിൽ ഓർഡിനൻസ് ലഭിച്ചാൽ അത് ഇ ഫയൽ വഴി സ്വീകരിച്ച് നടപടി സ്വീകരിക്കാൻ ഗവർണർക്കു സാധിക്കും. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയമസഭ വിളിച്ചു ചേർക്കുന്നതു ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിച്ചാൽ പിന്നെ ഈ ഓർഡിനൻസിനു പ്രസക്തിയില്ല.
ഗവർണർ പദവി വഹിക്കുന്ന ആൾ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കം ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു. ഭരണഘടനയില്‍ നിക്ഷിപ്തമായ ചുമതലകള്‍ നിറവേറ്റേണ്ട ഗവര്‍ണറെ സര്‍വകലാശാലകളുടെ തലപ്പത്ത് ചാന്‍സലറായി നിയമിക്കുന്നത് ഉചിതമാവില്ല എന്ന പൂഞ്ചി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകൾ കൂടി പരിഗണിച്ചാണ് സർക്കാർ തീരുമാനമെടുത്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി വഹിക്കുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.
ഉന്നതമായ അക്കാദമിക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രഗത്ഭ വ്യക്തികളെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന് മന്ത്രിസഭായോഗത്തിൽ അഭിപ്രായമുയർന്നു. ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളെ രാജ്യാന്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ സര്‍വകലാശാലകളുടെ തലപ്പത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വൈദഗദ്ധ്യമുള്ള വ്യക്തികള്‍ വരുന്നത് ഗുണം ചെയ്യുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
ചാൻസലർക്ക് ശമ്പളവും മറ്റു പ്രത്യേക വേതന വ്യവസ്ഥകളും ഉണ്ടാകില്ല. സർവകലാശാലയിൽ എല്ലാ അധികാരവും ഓഫിസും അനുവദിക്കും. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ, മലയാളം, സംസ്കൃതം, ശ്രീനാരായണ തുടങ്ങി സമാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തേക്ക് ഒരാളെ തന്നെ നിയമിക്കാൻ ആലോചനയുണ്ട്. അതേസമയം, സാങ്കേതികം, ഡിജിറ്റൽ, ആരോഗ്യം, വെറ്ററിനറി, ഫിഷറീസ്, കാർഷികം, കുസാറ്റ് തുടങ്ങിയ സർവകലാശാലകളിൽ അതതു വിഷയത്തിലെ പ്രഗല്ഭരെ കണ്ടെത്തും. എന്നാൽ, സർക്കാർ നിയമിക്കുന്ന ചാൻസലർക്ക് സർക്കാരിനോട് അമിത വിധേയത്വമുണ്ടാകുമെന്നും ഇതു സർവകശാലകളുടെ സ്വയംഭരണാധികാരത്തെ ബാധിക്കുമെന്നും ആക്ഷേപമുണ്ട്.