പാക്കിസ്ഥാനെതിരെ അഞ്ചു വിക്കറ്റ് വിജയം; ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ലണ്ട്
മെൽബണ്‍∙ ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ലണ്ട്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തില്‍…
മെൽബണ്‍∙ ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ലണ്ട്. ഫൈനലിൽ പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ലണ്ട് തോൽപിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് വിജയത്തിലെത്തി. ഓള്‍ റൗണ്ടർ ബെൻ സ്റ്റോക്സിന്റെ ബാറ്റിങ് പ്രകടനമാണ് ശക്തമായ പാക്കിസ്ഥാൻ ബോളിങ്ങിനെ മറികടന്ന് ആറു പന്തുകൾ ബാക്കി നിൽക്കെ ഇംഗ്ലിഷ് വിജയമുറപ്പിച്ചത്.
49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), അലക്സ് ഹെയ്ൽസ് (രണ്ട് പന്തിൽ ഒന്ന്), ഫിലിപ് സാള്‍ട്ട് (ഒൻപതു പന്തിൽ പത്ത്), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിങ്ങനെയാണ് പുറത്തായ ഇംഗ്ലിഷ് ബാറ്റർമാരുടെ പ്രകടനങ്ങൾ. ജയത്തോടെ ഏകദിന, ട്വന്റി20 കിരീടങ്ങൾ കൈവശം വയ്ക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട് മാറി. 2019ൽ നാട്ടിൽ നടന്ന ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ന്യൂസീലൻഡിനെ തോൽപിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്.