'സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; ശോഭ സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിന് പരാതി
എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു;
തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പ്രസിഡന്റ് പദവി ഒഴിയാമെന്ന് കെ സുരേന്ദ്രന്‍. ബിജെപി കേന്ദ്രനേതൃത്വത്തെയാണ് സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു. ഉപതെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗൗരവമായ ആരോപണവും കെ സുരേന്ദ്രന്‍ പക്ഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാരിന്റെ ജയസാധ്യത ശോഭ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്നവരും ചേര്‍ന്ന് അട്ടിമറിച്ചുവെന്നാണ് കെ സുരേന്ദ്രന്‍ പക്ഷം ആരോപിക്കുന്നത്. കണ്ണാടി മേഖലയില്‍ ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ നേതൃത്വത്തില്‍ വോട്ട് മറിച്ചുവെന്നും സുരേന്ദ്രന്‍ വിഭാഗം ആരോപിക്കുന്നു.
ഏതാനും നഗരസഭ കൗണ്‍സിലര്‍മാര്‍ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനെതിരെ പ്രവര്‍ത്തിച്ചെന്നും സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇക്കാര്യങ്ങളെല്ലാം കേന്ദ്രനേതൃത്വം അന്വേഷിക്കണമെന്നാണ് സുരേന്ദ്രന്‍ പക്ഷം ആവശ്യപ്പെടുന്നത്. ബിജെപിയുടെ എ ക്ലാസ് മണ്ഡലത്തില്‍ അപ്രതീക്ഷിതമായ വമ്പന്‍ പരാജയമാണ് സി കൃഷ്ണകുമാര്‍ നേരിട്ടത്. ബിജെപി ഭരിക്കുന്ന നഗരസഭയില്‍ അടക്കം പാര്‍ട്ടിക്ക് വന്‍തോതില്‍ വോട്ടു ചോര്‍ച്ചയുമുണ്ടായി. ഇതില്‍ കെ സുരേന്ദ്രന്‍ അടക്കമുള്ള സംസ്ഥാന നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. പാലക്കാട്ടെ തോല്‍വിയില്‍ വി മുരളീധരനും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.