സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി; അപ്രത്യക്ഷരായവരില്‍ പോക്‌സോ കേസ് ഇരകളും
കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ്…
കോട്ടയം: മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽനിന്ന് ഒൻപതു പെൺകുട്ടികളെ കാണാതായി. പോക്സോ കേസ് ഇരകളടക്കം വിവിധ കേസുകളുമായി ബന്ധപ്പെട്ട് പാർപ്പിച്ചിരുന്നവരെയാണ് കാണാതായത്.
രാവിലെ 5.30-ഓടെ അധികൃതര്‍ വിളിക്കാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന കാര്യം അറിയുന്നത്. മഹിളാ സമഖ്യ എന്ന സ്വകാര്യ എൻജിഒയാണ് ഷെൽട്ടർ ഹോം നടത്തുന്നത്. ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളിലായി പെണ്‍കുട്ടികള്‍ ഇവിടെ പ്രതിഷേധം നടത്തിയിരുന്നതായാണ് വിവരം.
ഇന്ന് ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികൾ അഭയകേന്ദ്രത്തിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവർ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാൽ, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേൽക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോൾ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം.
വലിയ മതിൽക്കെട്ടുള്ള ഒരു സ്ഥലം കൂടിയാണ് അഭയകേന്ദ്രം. അതുകൊണ്ടു തന്നെ മതിൽ ചാടി ഇവർക്ക് പോകാൻ കഴിയുമോ എന്നുള്ളത് സംശയകരമാണ്.സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.