ഖത്തർ ലോകകപ്പിന് ഔദ്യോഗിക തുടക്കം, ആദ്യ മത്സരം ഉടൻ

ദോഹ ∙ ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇന്ത്യൻ സമയം വൈകിട്ട്…

By :  Editor
Update: 2022-11-20 10:16 GMT

ദോഹ ∙ ഫുട്ബോൾ ആവേശത്തിന്റെ ഏറ്റവും പുതിയ ആഗോള പതിപ്പിന് തിരിതെളിച്ച് ഖത്തർ ലോകകപ്പിന് ദോഹയിലെ അൽ ബൈത്ത് സ്റ്റേ‍ഡിയത്തിൽ ഔദ്യോഗികമായി തുടക്കമായി. ഇന്ത്യൻ സമയം വൈകിട്ട് എട്ടു മണിയോടെയാണ് വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമായത്. ഖത്തറിന്റെ സാംസ്കാരികത്തനിമയ്ക്കൊപ്പം ഫിഫ ലോകകപ്പിന്റെ ചരിത്രവും വിളിച്ചോതുന്ന വ്യത്യസ്തമായ പരിപാടികളാണ് ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങിലെത്തിയത്.

അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ ഫ്രീമാനായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ നിറസാന്നിധ്യങ്ങളിലൊന്ന്. പ്രശസ്ത ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗമായ ജുങ്‌കൂക്കിന്റെ സാന്നിധ്യം ഉദ്ഘാടനച്ചടങ്ങിന്റെ പ്രധാന ആകർഷണമായി.

ടൂർണമെന്റിൽ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടെയും ദേശീയ പതാകകളും ഉദ്ഘാടന വേദിയിൽ ഉയർന്നുപാറി. കനേഡിയൻ ഗായിക നോറ ഫത്തേഹി, ലെബനീസ് ഗായിക മിറിയം ഫറേസ് തുടങ്ങിയവരും അറുപതിനായിരത്തിലധികം വരുന്ന കാണികൾക്കു മുന്നിൽ സംഗീത വിസ്മയം തീർത്തു. മുൻ ലോകകപ്പുകളെ ആവേശഭരിതമാക്കിയ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയും മുഖ്യ ആകർഷണമായി. മുൻ ലോകകപ്പുകളിലെ ഭാഗ്യ ചിഹ്നങ്ങളും ഒത്തൊരുമിച്ച് വേദിയിലെത്തി.

Tags:    

Similar News