ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടയടി’ ; ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യം

ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടയടി’! ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന്…

;

By :  Editor
Update: 2022-11-20 12:56 GMT

ഉദ്ഘാടന മത്സരത്തിനിറങ്ങിയ ഖത്തറിന് ഇക്വഡോർ വക ‘ഇരട്ടയടി’! ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ എന്നർ വലൻസിയയുടെ മികവിൽ ആതിഥേയർക്കെതിരെ ഇക്വഡോറിന് തകർപ്പൻ വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ പരാജയപ്പെടുന്നത് ഇതാദ്യമായാണ്.

മൂന്നാം മിനിറ്റില്‍ തന്നെ എന്നെര്‍ വലന്‍സിയ പന്ത് വലയിലെത്തിക്കുന്നത് കണ്ടാണ് മത്സരത്തിന് തുടക്കമായത്. എന്നാല്‍ വാര്‍ പരിശോധിച്ച റഫറി ഗോള്‍ നിഷേധിക്കുകയായിരുന്നു. പന്ത് സ്വീകരിക്കുന്ന സമയത്ത് വലന്‍സിയ ഓഫ്‌സൈഡ് പൊസിഷനിലായിരുന്നു.

എന്നാല്‍ 16-ാം മിനിറ്റില്‍ വലന്‍സിയ തന്നെ എക്വഡോറിനെ മുന്നിലെത്തിച്ചു. പന്തുമായി ബോക്‌സിലേക്ക് കയറിയ വലന്‍സിയയെ ഖത്തര്‍ ഗോള്‍കീപ്പര്‍ സാദ് അല്‍ ഷീബ് വീഴ്ത്തിതിനു പിന്നാലെ റഫറി പെനാല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. കിക്കെടുത്ത താരത്തിന് പിഴച്ചില്ല. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ച് വലന്‍സിയ എക്വഡോറിനെ മുന്നിലെത്തിച്ചു.

പിന്നാലെ 31-ാം മിനിറ്റില്‍ എക്വഡോര്‍ മുന്നേറ്റം ഫലം കണ്ടു. ഏയ്ഞ്ചലോ പ്രെസിയാഡോയുടെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച വലന്‍സിയ മത്സരത്തിലെ തന്റെയും എക്വഡോറിന്റെയും രണ്ടാം ഗോളും കുറിച്ചു. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ എക്വഡോര്‍ താരമെന്ന നേട്ടം എന്നെര്‍ വലന്‍സിയ സ്വന്തമാക്കി. എക്വഡോര്‍ ഗോള്‍കീപ്പറെ പരീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങളൊന്നും ആതിഥേയരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല.

Similar News