ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്ന് ; സൗദിക്ക്‌ ചരിത്രവിജയം ; ഖത്തറിൽ അർജന്റീനക്ക് കണ്ണീർ

Sreejith Sreedharan ദോഹ: ഖത്തർ ലോകകപ്പിലെ ചരിത്രപരമായ അട്ടിമറിയിൽ അർജന്റീനക്കെതിരെ സൗദി അറേബ്യക്ക് തകർപ്പൻ ജയം. പെനാൽറ്റിയിലൂടെ മത്സരത്തിന്റെ തുടക്കത്തിൽ മെസി നേടിയ ഗോളിനെതിരെ രണ്ടാം പകുതിയിൽ…

;

By :  Editor
Update: 2022-11-22 07:13 GMT

Sreejith Sreedharan

ദോഹ: ഖത്തർ ലോകകപ്പിലെ ചരിത്രപരമായ അട്ടിമറിയിൽ അർജന്റീനക്കെതിരെ സൗദി അറേബ്യക്ക് തകർപ്പൻ ജയം. പെനാൽറ്റിയിലൂടെ മത്സരത്തിന്റെ തുടക്കത്തിൽ മെസി നേടിയ ഗോളിനെതിരെ രണ്ടാം പകുതിയിൽ നേടിയ രണ്ട് തകർപ്പൻ ഗോളുകൾക്കാണ് സൗദിയുടെ അട്ടിമറി ജയം. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ സൗദി അർഹിക്കുന്ന വിജയം തന്നെയാണ് സ്വന്തമാക്കിയത്. രണ്ടാം പകുതിയില്‍ അര്‍ജന്റീനയുടെ ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ നിഷ്ഫലമാക്കിയ മുഹമ്മദ് അലോവൈസാണ് സൗദി വിജയം ഉറപ്പാക്കിയത്.

വൻ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ അർജന്റീന തുടക്കം മുതൽ മികച്ച കളി പുറത്തെടുത്തു. സൗദി മെല്ലെയാണ് കളിയിലേക്ക് വന്നത്. തുടക്കം മുതൽ മികച്ച പ്രതിരോധം തീർക്കാനായിരുന്നു അവർ കൂടുതൽ ശ്രദ്ധിച്ചത്. മത്സരം തുടങ്ങി ആദ്യ സെക്കന്‍ഡ് തൊട്ട് അര്‍ജന്റീന ആക്രമിച്ചു കളിച്ചു. രണ്ടാം മിനിറ്റില്‍ തന്നെ സൗദി പോസ്റ്റിലേക്ക് ആദ്യ ഷോട്ടുതിര്‍ക്കുകയും ചെയ്തു. ലയണല്‍ മെസിയാണ് ആദ്യ ഷോട്ട് സൗദി പോസ്റ്റിലേക്കടിച്ചത്. പിന്നാലെ മെസിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടുകയും ചെയ്തു. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്.

പരെഡെസിനെ അല്‍ ബുലയാഹി ബോക്‌സിനകത്തു വച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍റ്റി വിധിച്ചത്. കിക്കെടുത്ത മെസിയ്ക്ക് തെറ്റിയില്ല. ഗോള്‍കീപ്പര്‍ ഒവൈസിനെ നിസഹായനാക്കി മെസി വല കുലുക്കി. ഇതോടെ ഗാലറി ആര്‍ത്തിരമ്പി. ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി മെസി മാറി.

നാൽപ്പത്തിയെട്ടാം മിനിറ്റിലായിരുന്നു അർജന്റീനയെ ഞെട്ടിച്ച സൗദിയുടെ ആദ്യ ഗോൾ പിറന്നത്. സാലെ അൽ ഷെഹ്രിയായിരുന്നു സൗദിയുടെ സ്കോറർ. അൻപത്തി മൂന്നാം മിനിറ്റിൽ സലേം അൽദവാസിരിയുടെ ഗോളോടെ, ലോകമെമ്പാടുമുള്ള അർജന്റീനിയൻ ആരാധകരുടെ ഹൃദയം നുറുങ്ങി.

ലോകകപ്പ് വേദികളിൽ സമീപകാലത്തായി പിന്തുടരുന്ന ദൗർഭാഗ്യം ഖത്തറിലും പിടികൂടിയെന്ന തോന്നലുയർത്തിയാണ് ആദ്യ മത്സരത്തിൽ അർജന്റീന തോൽവി വഴങ്ങിയത്. ഏറ്റവും ഒടുവിൽ കളിച്ച ആറ് ലോകകപ്പ് മത്സരങ്ങളിൽ അർജന്റീനയുടെ നാലാം തോൽവിയാണിത്.

അര്‍ജന്റീനയ്ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994-ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018-ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.

Tags:    

Similar News