ഉയിര്‍ത്തെഴുന്നേറ്റ് അര്‍ജന്റീന ; മെക്സിക്കോയെ രണ്ടു ഗോളുകൾക്കു കീഴടക്കി

ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മെക്സിക്കന്‍ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 2–0നാണ് അർജന്റീനയുടെ…

By :  Editor
Update: 2022-11-26 15:39 GMT

ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. മെക്സിക്കന്‍ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. മെസ്സി മുന്നില്‍നിന്നു നയിച്ചപ്പോള്‍ 2–0നാണ് അർജന്റീനയുടെ വിജയം. ജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയിൽ അര്‍ജന്റീന രണ്ടാം സ്ഥാനത്തെത്തി. ലയണൽ‌ മെസ്സി (64), എൻസോ ഫെർണാണ്ടസ് (87) എന്നിവരാണ് അർജന്റീനയ്ക്കായി വല കുലുക്കിയത്.

Full View

ആദ്യ പകുതിയിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തിനു ശേഷമായിരുന്നു രണ്ടാം പകുതിയിൽ അർജന്റീനയുടെ ഗംഭീര തിരിച്ചുവരവ്. മെക്‌സിക്കന്‍ പ്രതിരോധ മതില്‍ തകര്‍ക്കാന്‍ 63 മിനിറ്റുകളാണ് അര്‍ജന്റീനിയന്‍ സംഘത്തിന് കാത്തിരിക്കേണ്ടിവന്നത്. 64-ാം മിനിറ്റില്‍ ബോക്‌സിന്റെ വലതുഭാഗത്ത് നിന്ന് ഡി മരിയ നല്‍കിയ പന്തില്‍ നിന്ന് അവസരം മുതലെടുത്ത മെസ്സിയുടെ ഇടംകാലനടി മെക്‌സിക്കോയുടെ സൂപ്പര്‍ ഗോളി ഗില്ലെര്‍മോ ഒച്ചാവോയ്ക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍. ലോകകപ്പില്‍ മെസ്സിയുടെ എട്ടാം ഗോളായിരുന്നു ഇത്. 21 ലോകകപ്പ് മത്സരങ്ങളോടെ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന ഡീഗോ മാറഡോണയുടെ റെക്കോഡിനൊപ്പമെത്താനും മെസ്സിക്കായി.

എൻസോ ഫെർണാണ്ടസിന്റെ വണ്ടർ ഗോൾ: 87–ാം മിനിറ്റിലായിരുന്നു മെക്സിക്കോയെ ഞെട്ടിച്ച് അർജന്റീനയുടെ രണ്ടാം ഗോൾ. മെസ്സിയിൽ നിന്ന് പാസ് ലഭിച്ച ഫെർണാണ്ടസ് മെക്സിക്കോ ബോക്സിനു വെളിയിൽനിന്ന് ഏതാനും ചുവടുകൾക്കു ശേഷം മനോഹരമായി ഷോട്ട് എടുക്കുന്നു. ഗോളി ഒച്ചോവയെ മറികടന്ന് ഗോള്‍ വലയുടെ ടോപ് കോർണറില്‍ പന്തെത്തി. നവംബർ 30ന് സ്റ്റേഡിയം 974ൽ പോളണ്ടിനെതിരെയാണ് സി ഗ്രൂപ്പിൽ അർജന്റീനയുടെ അവസാന പോരാട്ടം.

Sreejith-Evening Kerala News

Tags:    

Similar News