പകൽ ആക്രി വിൽപന, ഭിക്ഷാടനം; പൂട്ടിയിട്ട വീട്ടില്‍ നിന്ന് 10 പവന്‍ കവർന്ന യുവതിയും യുവാവും അറസ്റ്റിൽ
തൃശൂർ : മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍…
തൃശൂർ : മുപ്ലിയത്ത് പൂട്ടിയിട്ട വീട്ടില്‍നിന്ന് പട്ടാപ്പകല്‍ 10 പവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ച തമിഴ്നാട് സ്വദേശികളായ യുവാവും യുവതിയും അറസ്റ്റില്‍. തിരുച്ചിറപ്പിള്ളി സ്വദേശി നന്ദ (20), കോയമ്പത്തൂര്‍ തെന്‍സങ്കപാളയം സ്വദേശി അനുസിയ (19) എന്നിവരെയാണ് വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കൊടകര ശാന്തിനഗറില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവര്‍ പകൽ ആക്രി കച്ചവടവും വീടുകളിലെത്തി സഹായഭ്യര്‍ഥനയും നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
മുപ്ലിയം മഠപ്പിള്ളിക്കാവ് അമ്പലത്തിന് സമീപം ചുള്ളിപ്പറമ്പില്‍ വിഷ്ണുദാസിന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. തിങ്കളാഴ്ച ഉച്ചയോടെ മുപ്ലിയത്തെ വീട്ടിലെത്തിയ പ്രതികള്‍ മുന്‍വശത്തെ ചവിട്ടിക്ക് താഴെ വെച്ചിരുന്ന താക്കോലെടുത്ത് വാതില്‍ തുറന്നാണ് അകത്തു കടന്നത്. വീടിനകത്ത് കബോര്‍ഡിലിരുന്ന താക്കോലുകൊണ്ട് അലമാര തുറന്ന മോഷ്ടാക്കള്‍ ആഭരണങ്ങളുമായി മുങ്ങുകയായിരുന്നു.
ദിവസങ്ങളായി പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്ന തമിഴ് യുവതീ-യുവാക്കളെക്കുറിച്ച് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് സമീപ പ്രദേശത്തുള്ള നിരീക്ഷണ ക്യാമറകളില്‍ നിന്ന് പൊലീസിന് ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചു. മറ്റൊരു കേസിൽ പൊലീസിന്റെ പക്കലുണ്ടായിരുന്ന പ്രതികളുടെ ചിത്രം കാണിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് മോഷ്ടാക്കളെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പ്രതികളുടെ കൈയില്‍ നിന്ന് കണ്ടെടുത്തു. പ്രതികളെ തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കി.