ഹിമാചലിൽ 11 സീറ്റിലും സി.പി.എമ്മിന് പരാജയം; ഏഴിടത്ത് മൂന്നാമത്
ഷിംല: വാശിയേറിയ ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 11 സീറ്റിലും സി.പി.എമ്മിന് കനത്ത പരാജയം. തിയോഗ്, ജുബ്ബവൽ-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, മാണ്ഡിയിലെ സെരാജ്, ഷിംല (അർബൻ),…
ഷിംല: വാശിയേറിയ ഹിമാചൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 11 സീറ്റിലും സി.പി.എമ്മിന് കനത്ത പരാജയം. തിയോഗ്, ജുബ്ബവൽ-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, മാണ്ഡിയിലെ സെരാജ്, ഷിംല (അർബൻ), ഹാമിർപുർ, കസുംപാട്ടി അടക്കമുള്ള സീറ്റുകളിലാണ് സി.പി.എം ജനവിധി തേടിയത്. അതേസമയം, തിയോഗ്, ജുബ്ബവൽ-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, സെരാജ്, ഷിംല (അർബൻ), കസുംപാട്ടി സീറ്റുകളിൽ പാർട്ടി മൂന്നാം സ്ഥാനത്തെത്തി.
തെരഞ്ഞെടുപ്പിൽ ഏക സിറ്റിങ് സീറ്റിൽ മത്സരിച്ച സി.പി.എം സ്ഥാനാർഥി പരാജയപ്പെട്ടു. തിയോഗ് മണ്ഡലത്തിലെ സിറ്റിങ് എം.എൽ.എ രാകേഷ് സിൻഹയാണ് മൂന്നാം സ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പ് കമീഷന്‍റെ അവസാന കണക്ക് പ്രകാരം 11827 വോട്ടാണ് സിൻഹക്ക് ലഭിച്ചത്.
കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ് റാത്തോർ 18441 വോട്ട് നേടി വിജയം ഉറപ്പാക്കി. ബി.ജെ.പി സ്ഥാനാർഥി അജയ് ശ്യാം 13711 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ആം ആദ്മി പാർട്ടിയുടെ അത്താർ സിങ് ചണ്ഡൽ 471 വോട്ടും ബി.എസ്.പിയുടെ ജിയാലാൽ സദക് 294 വോട്ടും നേടി.
2017ലെ തെരഞ്ഞെടുപ്പിൽ 24791 വോട്ട് നേടിയാണ് രാകേഷ് സിൻഹ മണ്ഡലം പിടിച്ചത്. ബി.ജെ.പിയുടെ രാകേഷ് വർമ 22,808 വോട്ടും കോൺഗ്രസിലെ ദീപക് റാത്തോർ 9101 വോട്ടുമാണ് പിടിച്ചത്. 2017ൽ രാകേഷ് സിൻഹയുടെ വിജയത്തിലൂടെയാണ് 24 വർഷത്തിന് ശേഷം സി.പി.എം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്.