‘ക്യാമറ ഏത് ആംഗിളിൽ വച്ചാലും വരും; നല്ല സാമർഥ്യം’: കേന്ദ്രമന്ത്രി വി. മുരളീധരന് വിമർശനം
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ ബിജെപി മുൻ വക്താവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ബിജെപി നേതാവും വിമർശകനുമായ ടി.ജി.മോഹൻദാസാണു മുരളീധരന്റെ പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്നു കരുതരുതെന്നു പോസ്റ്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി…
കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ ബിജെപി മുൻ വക്താവിന്റെ ഫെയ്സ്ബുക് പോസ്റ്റ്. ബിജെപി നേതാവും വിമർശകനുമായ ടി.ജി.മോഹൻദാസാണു മുരളീധരന്റെ പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ലെന്നു കരുതരുതെന്നു പോസ്റ്റിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പ്രസംഗിക്കാനെത്തുമ്പോഴെല്ലാം മുരളീധരൻ യാദൃച്ഛികമെന്നതുപോലെ പിന്നിൽ ഏതെങ്കിലും വശത്ത് കയറിയിരിക്കുമെന്നാണ് മോഹൻദാസിന്റെ പോസ്റ്റിൽ പറയുന്നത്.
‘ക്യാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം, നല്ല സാമർഥ്യം!’ എന്നായിരുന്നു മോഹൻദാസിന്റെ വിമർശനം. പോസ്റ്റിനുതാഴെ കമന്റ് ബോക്സിൽ ബിജെപി പ്രവർത്തകർ ഗ്രൂപ്പുതിരിഞ്ഞു പോരാടുകയാണ്. രാജ്യസഭാ ചുമതലയുള്ള മന്ത്രി പ്രധാനമന്ത്രിയുടെ പിന്നിലിരിക്കുന്നതിൽ കേരളത്തിലെ നേതാക്കൾക്ക് അസഹിഷ്ണുത എന്തിനാണെന്നാണു മുരളീധരന്റെ അനുയായികളുടെ ചോദ്യം. എന്നാൽ, കേരളത്തിൽ ബിജെപി വളരാതിരിക്കാനുള്ള കാരണം മുരളീധരനെപ്പോലുള്ളവർ ഗ്രൂപ്പിസത്തിനും അധികാരത്തിനും പിറകെ പോവുന്നതാണെന്ന് എതിർപക്ഷവും പറയുന്നു.
ടി.ജി.മോഹൻദാസിന്റെ കുറിപ്പ്:
പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി.മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും! കാമറ ഏതാങ്കിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർഥ്യം! പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസ്സിലാക്കുന്നില്ല എന്നു കരുതരുത് കേട്ടോ..