മൃഗശാലയിൽ നിന്ന് പുറത്തുചാടി ചിമ്പാൻസികൾ; ഭീതി പരത്തിയ നാലെണ്ണത്തെ വെടിവച്ചു കൊന്നു

മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ചിമ്പാൻസികൾ ഭീതി പരത്തിയതിനെ തുടർന്ന് 4 എണ്ണത്തെ വെടിവച്ചു കൊന്നു. സ്വീഡനിലെ ഫുറുവിക് മൃഗശാലയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മൃഗശാലയിലെ ജോലിക്കാരുടെ കണ്ണുവെട്ടിച്ച്…

By :  Editor
Update: 2022-12-17 00:07 GMT

മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ചിമ്പാൻസികൾ ഭീതി പരത്തിയതിനെ തുടർന്ന് 4 എണ്ണത്തെ വെടിവച്ചു കൊന്നു. സ്വീഡനിലെ ഫുറുവിക് മൃഗശാലയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മൃഗശാലയിലെ ജോലിക്കാരുടെ കണ്ണുവെട്ടിച്ച് അഞ്ച് ചിമ്പാൻസികളാണ് പുറത്തുചാടിയത്. പൊതുജനങ്ങൾക്ക് അപകടം ഉണ്ടാവുമെന്ന ഭയത്തെ തുടർന്ന് ഇവയിൽ നാലെണ്ണത്തെ വെടിവച്ചു കൊല്ലുകയായിരുന്നു.

അതേസമയം ചിമ്പാൻസികൾ എങ്ങനെയാണ് കൂടിന് വെളിയിൽ ചാടിയതെന്ന് വ്യക്തമല്ല. അഞ്ചെണ്ണത്തിൽ ഒന്ന് അൽപസമയത്തിനു ശേഷം തിരികെ വേലിക്കെട്ടിനുള്ളിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇത്രയധികം ചിമ്പാൻസികളെ മയക്കാനുള്ള മരുന്ന് കൈവശമില്ലാത്തതിനാലാണ് അവയെ കൊല്ലേണ്ടി വന്നതെന്ന് മൃഗശാലയുടെ വക്താവായ അന്നിക ട്രോസേലിയസ് പറയുന്നു. അങ്ങേയറ്റം ശക്തരും അപകടകാരികളുമാണ് ചിമ്പാൻസികൾ.

മനുഷ്യർക്കിടയിലേക്ക് ചെന്നാൽ അവ ആക്രമിക്കാനുള്ള സാധ്യത ഏറെയായിരുന്നു. അതിനാൽ ചിമ്പാൻസികൾ മൂലം മനുഷ്യർക്ക് ആപത്ത് വരരുതെന്ന് മാത്രമാണ് ചിന്തിച്ചതെന്നും അന്നിക പറഞ്ഞു. ഇത്തരമൊരു തീരുമാനമെടുക്കേണ്ടി വന്നതിൽ മൃഗശാലയ്ക്കും അങ്ങേയറ്റം വിഷമമുണ്ട്. മറ്റൊരു മാർഗവും മുന്നിലില്ലാത്തതുകൊണ്ട് മാത്രമാണ് കടുത്ത നടപടിയിലേക്ക് തിരിഞ്ഞതെന്നും അവർ കൂട്ടിച്ചേർത്തു. മൃഗശാലയിലെ ജോലിക്കാരിൽ പലർക്കും കുടുംബാംഗങ്ങളെ പോലെയായിരുന്നു കൊല്ലപ്പെട്ട ചിമ്പാൻസികൾ.

ചിമ്പാൻസികൾ രക്ഷപ്പെട്ട സമയത്ത് പ്രദേശവാസികൾ പുറത്തിറങ്ങരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ചിമ്പാൻസികളെ വെടിവച്ചു കൊന്നതിൽ മൃഗശാലയിലെ ജോലിക്കാർക്കിടയിൽ തന്നെ അതൃപ്തി നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു അടിയന്തരാവസ്ഥ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന ആരോപണമാണ് ഇവർ ഉയർത്തുന്നത്. ആകെ ഏഴു ചിമ്പാൻസികളാണ് മൃഗശാലയിലുള്ളത്. നോർഡിക് രാജ്യങ്ങളിൽ തന്നെ ആൾക്കുരങ്ങുകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരേയൊരു കേന്ദ്രം ഇവിടമാണ്. ചിമ്പാൻസികൾ പുറത്തുചാടിയതെങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും ഇത്തരമൊരു സംഭവം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മൃഗശാല വ്യക്തമാക്കി.

Tags:    

Similar News