പോപ്പുലർ ഫ്രണ്ടിന് രഹസ്യവിഭാഗം; "ഇതരസമുദായക്കാരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കി" പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ.എസ്. ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍.ഐ.എ

കൊച്ചി: ഇതരമതസ്ഥരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗമുണ്ടെന്ന് എന്‍.ഐ.എ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ.എസ്. ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ. കൊച്ചി പ്രത്യേക കോടതിയെ…

By :  Editor
Update: 2022-12-20 05:22 GMT

കൊച്ചി: ഇതരമതസ്ഥരുടെ ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യവിഭാഗമുണ്ടെന്ന് എന്‍.ഐ.എ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഐ.എസ്. ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍.ഐ.എ. കൊച്ചി പ്രത്യേക കോടതിയെ അറിയിച്ചു. ആഗോള ഭീകരബന്ധത്തിനും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ കോടതിയില്‍ പറഞ്ഞു.

ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകങ്ങള്‍ ഹിറ്റ്‌ലിസ്റ്റ് പ്രകാരമായിരുന്നെന്ന് പോലീസിനും തെളിവ് ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് ഈ രഹസ്യവിഭാഗം പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ തയ്യാറാക്കുന്ന പട്ടിക പ്രകാരമാണ് കൊലപാതകമടക്കമുള്ള ആക്രമണങ്ങള്‍ നടത്തിയതെന്നും എന്‍.ഐ.എ. പറയുന്നു.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ ഇത്തരം ഹിറ്റ്‌ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ നേതാക്കള്‍ക്ക് സി.ആര്‍.പി.എഫിന്റേതടക്കം സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.

യു.എ.പി.എ. പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറു മാസത്തെ സാവകാശം ദേശീയ അന്വേഷണ ഏജന്‍സിക്ക് ലഭിക്കും. ഈ ആവശ്യത്തെ സാധൂകരിക്കുന്ന തെളിവുകളാണ് എന്‍.ഐ.എ. ഹാജരാക്കിയത്. ഇത് പരിഗണിച്ച് അന്വേഷണം പൂര്‍ത്തിയാക്കാന്‍ പരമാവധി സമയം പ്രത്യേക കോടതി അനുവദിച്ചു. നിലവില്‍ അന്വേഷണം മൂന്ന് മാസം പിന്നിട്ടിട്ടുണ്ട്.

Tags:    

Similar News