'ഡെല്‍റ്റയേക്കാള്‍ ഉയര്‍ന്ന മരണനിരക്ക്', എക്സ്ബിബി വകഭേദം അപകടകാരിയെന്ന് വാട്സാപ് സന്ദേശം; വ്യാജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ, വാട്‌സ്ആപ്പ് വഴി വ്യാജ പ്രചാരണം.  ഒമൈക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബി അഞ്ചുമടങ്ങിലേറെ അപകടകാരിയാണെന്നും ഡെല്‍റ്റയെ…

By :  Editor
Update: 2022-12-22 05:00 GMT

ചൈനയില്‍ പടരുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നതിനിടെ, വാട്‌സ്ആപ്പ് വഴി വ്യാജ പ്രചാരണം. ഒമൈക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബി അഞ്ചുമടങ്ങിലേറെ അപകടകാരിയാണെന്നും ഡെല്‍റ്റയെ അപേക്ഷിച്ച് മരണനിരക്ക് ഉയര്‍ന്നതാണെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. ഈ സന്ദേശം വ്യാജമാണെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത്തരം പോസ്റ്റുകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞദിവസമാണ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ് ഉപവകഭേദം ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. ഒഡീഷയിലും ഗുജറാത്തിലുമാണ് രോഗം കണ്ടെത്തിയത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. കോവിഡ് സ്ഥിരീകരിച്ച സാമ്പിളുകള്‍ കൂടുതലായി ജനിതക ശ്രേണീകരണത്തിന് വിധേയമാക്കാനും കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഇതിന് പിന്നാലെയാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

ഒമൈക്രോണ്‍ ഉപവകഭേദമായ എക്‌സ്ബിബി കൂടുതല്‍ അപകടകാരിയാണെന്നും ഡെല്‍റ്റയെ അപേക്ഷിച്ച് മരണനിരക്ക് ഉയര്‍ന്നതാണെന്നുമാണ് വ്യാജ സന്ദേശത്തിന്റെ ഉള്ളടക്കം. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് രോഗലക്ഷണങ്ങളില്‍ ഏറെ വ്യത്യാസമുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് വ്യാജമാണെന്നും ഇത്തരം കുറിപ്പുകളില്‍ വീഴരുതെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ ലഭ്യമായ ഡേറ്റകള്‍ ഒമൈക്രോണിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് എക്‌സ്ബിബി എന്ന് പറയുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

Similar News