സ്‌പാനിഷ്‌ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ ബാഴ്‌സലോണ ജേതാക്കള്‍

റിയാദ്‌ (സൗദി അറേബ്യ): സ്‌പാനിഷ്‌ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ ബാഴ്‌സലോണ ജേതാക്കള്‍. സൗദി അറേബ്യയില്‍ നടന്ന ഫൈനലില്‍ ബാഴ്‌സലോണ റയാല്‍ മാഡ്രിഡിനെ 3-1 നു തോല്‍പ്പിച്ചു. സാവി…

By :  Editor
Update: 2023-01-16 22:30 GMT

റിയാദ്‌ (സൗദി അറേബ്യ): സ്‌പാനിഷ്‌ സൂപ്പര്‍ കപ്പ്‌ ഫുട്‌ബോളില്‍ ബാഴ്‌സലോണ ജേതാക്കള്‍. സൗദി അറേബ്യയില്‍ നടന്ന ഫൈനലില്‍ ബാഴ്‌സലോണ റയാല്‍ മാഡ്രിഡിനെ 3-1 നു തോല്‍പ്പിച്ചു. സാവി ഹെര്‍ണാണ്ടസ്‌ കോച്ചായ ശേഷം ബാഴ്‌സ നേടുന്ന ആദ്യ കിരീടമാണിത്‌. സൂപ്പര്‍ കപ്പില്‍ ബാഴ്‌സ ഇതുവരെ 14 തവണ മുത്തമിട്ടു.

ഒരു ഗോളടിക്കുകയും റോബര്‍ട്ടോ ലെവന്‍ഡോസ്‌കി, പെഡ്രി ഗൊണ്‍സാലസ്‌ എന്നിവരെ അസിസ്‌റ്റ് ചെയ്യുകയും ചെയ്‌ത യുവ താരം ഗാവി കളം നിറഞ്ഞു കളിച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ കരിം ബെന്‍സൈമയിലൂടെ റയാല്‍ ഒരു ഗോള്‍ മടക്കി. 2014 നു ശേഷം ആദ്യമായാണു റയാല്‍ കോച്ച്‌ കാര്‍ലോ ആന്‍സലോട്ടി ഏതെങ്കിലും ഫൈനലില്‍ തോല്‍ക്കുന്നത്‌.

റൊണാള്‍ഡ്‌ കോയ്‌മാന്‌ കീഴില്‍ കോപാ ഡെല്‍ റേ ജേതാക്കളായ ശേഷം വലിയ ഇടവേളയ്‌ക്ക് ശേഷമാണ്‌ ബാഴ്‌സ വീണ്ടും ഒരു കിരീടം നേടുന്നത്‌. പൂര്‍ണ സജ്‌ജരായ ടീമിനെ ഇറക്കാന്‍ സാവിക്കായി. ഇടത്‌ വിങ്ങില്‍ ഗാവിയെ കൊണ്ടുവരാനുള്ള നീക്കവും നിര്‍ണായകമായി. തുടക്കം മുതല്‍ ബാഴ്‌സ പന്തിന്മേലുള്ള ആധിപത്യം കൈവശപ്പെടുത്തി. പതിമൂന്നാം മിനിറ്റില്‍ ലെവന്‍ഡോസ്‌കിയുടെ ഷോട്ട്‌ റയാല്‍ ഗോള്‍ കീപ്പര്‍ തിബൗത്ത്‌ കോര്‍ട്ടോസിസ്‌ കുര്‍ട്ടോ രക്ഷപ്പെത്തി.

33-ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. സെര്‍ജിയോ ബസ്‌ക്വറ്റ്‌സ് നേടിയെടുത്ത പന്ത്‌ ഗാവിയിലേക്ക്‌. കൃത്യമായി ഓടിക്കയറിയ ഗാവിക്കു പിഴച്ചില്ല. ഇടവേളയ്‌ക്ക് പിരിയും മുമ്പ്‌ ബാഴ്‌സ ലീഡ്‌ വര്‍ധിപ്പിച്ചു. ഡി ജോങ്ങിന്റെ പാസ്‌ പിടിച്ചെടുത്ത്‌ ഓടിക്കയറിയ ഗാവി ബോസ്‌കിനുള്ളില്‍ ലെവന്‍ഡോസ്‌കിക്ക്‌ അവസരം ഒരുക്കി.

രണ്ടാം പകുതിയില്‍ റോഡ്രിഗോയുമായാണു റയാല്‍ കളത്തിലിറങ്ങിയത്‌. 68-ാം മിനിറ്റില്‍ പെഡ്രിയിലൂടെ ബാഴ്‌സ മൂന്നാം ഗോളടിച്ചു. മൈതാന മധ്യത്തില്‍ മിലിറ്റാവോയില്‍നിന്നും പന്ത്‌ തട്ടിയെടുത്ത ഗാവിയുടെ നീക്കമാണു ഗോളിനു കാരണമായത്‌.

Tags:    

Similar News